പാലക്കാട്: ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസ് എടുത്തു. വനത്തില്‍ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരള ഫോറസ്റ്റ് ആക്ട് (27) പ്രകാരം വാളയാര്‍ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്.
ബാബുവിനൊപ്പം മലകയറിയ വിദ്യാത്ഥികള്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. ബാബുവിനെ അനുകരിച്ച് മറ്റ് പലരും മല കയറുന്ന സാഹര്യത്തിലാണ് നടപടിയെടുത്തത്.
ആരും ബാബുവിനെ മാതൃകയാക്കരുതെന്നും, ബാബുവിനെതിരെ നടപടിയെടുക്കണമെന്നും ബാബുവിന്റെ ഉമ്മ റഷീദ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു. ഇനിയും ആളുകള്‍ മലകയറുന്ന പ്രവണത തടയാനും കൂടിയാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
ബാബുവിനെ രക്ഷപ്പെടുത്തിയതിനു പിന്നാലെ, ഇന്നലെ വീണ്ടും ഒരാള്‍ മല കയറിയിരുന്നു. മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫ്ലാഷ് ലൈറ്റുകള്‍ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.
ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട രാധാകൃഷ്ണന് (45) എന്നയാളെയാണ് വന മേഖലയില്‍ കണ്ടെത്തിയത്. ആറ് മണിക്കാണ് ഇയാള്‍ മല കയറിയത്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് നാട്ടുകാര്‍ നടത്തിയത്.
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്.
രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ച ബാബു വീട്ടിലെത്തിയപ്പോള്‍ സംസ്ഥാനം ചെലവിട്ടത് മുക്കാല്‍ കോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്കുന്ന പ്രാഥമിക കണക്ക്. ബില്ലുകള്‍ ഇനിയും കിട്ടാനുണ്ട് എന്നതിനാല്‍ തുക ഇനിയും കൂടാനാണ് സാധ്യത.
ബാബു കുടുങ്ങിയത് മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, കരസേന എന്നിവരുടെ സേവനവും തേടിയിരുന്നു.
Discussion about this post