തിരുവനന്തപുരം: മോഷ്ടാവ് കൊലപ്പെടുത്തിയ ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി വിനീതയുടെ കുടുംബത്തിന് സിപിഎം വീട് വച്ചു നല്‍കും. 8ാം ക്ലാസില്‍ പഠിക്കുന്ന മകന്റെയും 6ാം ക്ലാസില്‍ പഠിക്കുന്ന മകളുടെയും പഠനച്ചെലവും പാര്‍ട്ടി ഏറ്റെടുത്തു.
പഴകുറ്റി ലോക്കല്‍ കമ്മിറ്റിക്കാണ് വീടു നിര്‍മാണത്തിന്റെ ചുമതല. സ്ഥലം കണ്ടെത്തി ജൂണിനു മുന്‍പ് വീടുനിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മഹിളാ അസോസിയേഷനും ഡിവൈഎഫ്‌ഐയും വിദ്യാഭ്യാസ ചുമതലയും, പഠനോപകരണങ്ങളും ട്യൂഷന്‍ ഫീസും ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഏറ്റെടുക്കും
ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് വിനീതയെ കൊലപ്പെടുത്തിയത്. മോഷണം നടത്താനായി സ്ഥലങ്ങള്‍ നിരീക്ഷിക്കുന്നതിനിടയിലാണ് അമ്പലംമുക്ക്കുറവന്‍കോണം റോഡിലെ ചെടി വില്‍ക്കുന്ന കട രാജേന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുന്നത്. മോഷണ ശ്രമത്തിനിടെ വിനീത ചെറുത്തുനിന്നതോടെ കുത്തിക്കൊല്ലുകയായിരുന്നു.
വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു. കൊലപ്പെടുത്തിയശേഷം ടാര്‍പോളിന്‍ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവം നടക്കുമ്പോള്‍ വിനീത മാത്രമേ കടയില്‍ ജോലിയില്‍ ഉണ്ടായിരുന്നുള്ളൂ.
സംഭവ ദിവസം കടയില്‍ നിന്ന് ഇറങ്ങിപ്പോയ ആളായിരിക്കാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പ്രത്യേകാന്വേഷണ സംഘം അന്വേഷണം നടത്തുകയായിരുന്നു.
സംഭവ ദിവസം പ്രതി രാജേന്ദ്രന് ലിഫ്റ്റ് കൊടുത്ത സ്‌കൂട്ടര്‍ ഡ്രൈവര്‍, പേരൂര്‍ക്കടയിലെ ഓട്ടോ ഡ്രൈവര്‍ എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രാജേന്ദ്രന്‍ സീരിയല്‍ കില്ലറാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
രാജേന്ദ്രന്‍ നടത്തുന്ന അഞ്ചാമത്തെ കൊലപാതകമാണ് അമ്പലംമുക്കിലേത്. 2014ല്‍ തമിഴ്നാട്ടിലെ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും ഇയാള്‍ കൊലപ്പെടുത്തി. കവര്‍ച്ച തന്നെയായിരുന്നു ലക്ഷ്യം. കന്യാകുമാരിയില്‍ രണ്ട് കൊലപാതകങ്ങളും ഇയാള്‍ നടത്തി. 2014-2019 കാലഘട്ടത്തിലാണ് ഈ നാല് കൊലപാതകങ്ങളും ഇയാള്‍ നടത്തിയത്.