പേരാമ്പ്ര: നിപ രോഗം ആദ്യമായി കേരളത്തിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ ജീവത്യാഗം ചെയ്ത് രോഗികളെ പരിചരിച്ച് കേരളത്തിന്റെ കണ്ണീരായ സിസ്റ്റർ ലിനിയുടെ മക്കൾക്ക് സമ്മാനവുമായി പാലക്കാട് നിന്നും ഒരു അതിഥി. ലിനിയുടെ കുട്ടികൾക്ക്, അമ്മയുടെ വ്യത്യസ്തമായൊരു ചിത്രമാണ് പാലക്കാട്ടുനിന്നെത്തിയ അനില സമ്മാനിച്ചത്. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇളവംപാടം സ്വദേശിനിയാണ് വാണിയംകോട്ട് അനില.
ചെമ്പനോടയിലെ ലിനിയുടെ വീട്ടിലെത്തിയാണ് തന്റെ സൃഷ്ടി ലിനിയുടെ മക്കളായ റിതുൽ, സിദ്ധാർഥ്, അമ്മ രാധ എന്നിവർക്ക് കൈമാറിയത്. പിതാവ് അനിൽ, സഹോദരൻ ആദിത്യകുമാർ എന്നിവരും അനിലക്ക് ഒപ്പമുണ്ടായിരുന്നു. നെഹ്‌റു കോളജ് ബിആർക്ക് വിദ്യാർത്ഥിനിയാണ് അനില. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തംഗം രാജേഷ് തറവട്ടത്ത്, പൊതു പ്രവർത്തകൻ സുഭാഷ് ഹിന്ദോളം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ലിനിയുടെ സ്ട്രിങ് പോട്രേയ്റ്റാണ് അനില കൈമാറിയത്. വൃത്താകൃതിയിൽ ഉറപ്പിച്ച ആണികളിൽ നൂലുകൾ മെനഞ്ഞ് ചിത്രരചന രീതിയാണ് സ്ട്രിങ് പോട്രേയ്റ്റ്. രാഷ്ട്രപിതാവ് ഗാന്ധിജി, ഭരണഘടന ശിൽപി അംബേദ്കർ, മദർ തെരേസ, മുൻപ്രധാനമന്ത്രി ഇന്ദിരഗാന്ധി, ബഹിരാകാശ സഞ്ചാരി കൽപന ചൗള, കാർഗിൽ യുദ്ധത്തിൽ വീരചരമമടഞ്ഞ ക്യാപ്റ്റൻ വിക്രം ബത്ര, മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം, സംഗീതജ്ഞൻ എആർ റഹ്‌മാൻ, ഒളിംപ്യൻ മേരികോം എന്നവരുടെ ചിത്രങ്ങൾക്കൊപ്പമാണ് സിസ്റ്റർ ലിനിയുടെ ചിത്രവും അനില ഒരുക്കിയിരിക്കുന്നത്.