തിരുവനന്തപുരം: സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മരുന്നുകൾ ലഭ്യമാക്കി സപ്ലൈകോ മെഡിക്കൽ സ്‌റ്റോറുകളിൽ മരുന്നുവിൽപന ആരംഭിച്ചു. 50 ശതമാനം വരെ വിലക്കുറവിലാണ് മരുന്നുകൾ വിൽക്കുന്നത്. സപ്ലൈകോയുടെ ജനകീയ സേവനത്തിന്റെ ഭാഗമായാണ് വിലക്കിഴിവ് ഏർപ്പെടുത്തിയിരിക്കുന്നത്.
എല്ലാവിധ ഇംഗ്ലീഷ് മരുന്നുകൾക്കും 13 ശതമാനം മുതൽ 50 ശതമാനം വരെയാണ് വിലക്കുറവ് ലഭിക്കുന്നത്. ഏറെ ആവശ്യക്കാരുള്ള ഇൻസുലിൻ സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാനായി 20 ശതമാനം മുതൽ 24 ശതമാനം വരെ വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം ബിപിഎൽ കാർഡുടമകൾക്ക് എല്ലാ മരുന്നിനും 25 ശതമാനം വിലക്കിഴിവും ലഭിക്കും. കുറഞ്ഞ പണച്ചെലവിൽ മെഡിക്കൽ സേവനങ്ങൾ സാധാരണക്കാരനും ലഭ്യമാക്കാനായാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.