പാലക്കാട്: മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മല കയറിയ ബാബുവിനെതിരെ
കേസെടുക്കണമെന്ന് ഉമ്മ റഷീദ. ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കി എടുക്കുകയാണെന്ന്പറഞ്ഞു. ബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി മറ്റാരെങ്കിലും മല കയറാന്‍ കാരണമാവുന്നുണ്ടെങ്കില്‍ ആ സംരക്ഷണം ആവശ്യമില്ലെന്ന് ഉമ്മ പറഞ്ഞു.
‘എന്റെ മകന് മരിച്ചിരുന്നെങ്കില്‍ ഇവര്‍ ഇങ്ങനെ കയറുമായിരുന്നോ? ഒരാള്‍ പോലും മലയിലേക്ക് കയറി നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. ബാബുവിന് കേസില്‍ ഇളവു നല്‍കിയത് അവസരമായി കാണരുത്’- റഷീദ പറഞ്ഞു.
ബാബു കയറിയ ചെറാട് കൂര്‍മ്പാച്ചി മലയില്‍ ഇന്നലെ വീണ്ടും ആളുകയറിയിരുന്നു. മലയ്ക്ക് മുകളില്‍ നിന്ന് മൊബൈല്‍ ഫ്ലാഷുകള്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. മലയില്‍ ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയില്‍ കയറരുത് എന്ന് വനംവകുപ്പ് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍, ഇതൊന്നും വകവെക്കാതെയായിരുന്നു മലയിലേക്കുള്ള പ്രവേശനം. മലയുടെ ഏറ്റവും മുകളില്‍ നിന്നാണ് ഫ്ളാഷ് കണ്ടത്. തുടര്‍ന്ന് വനം വകുപ്പും ഫയര്‍ ഫേഴ്സും നടത്തിയ ശ്രമത്തില്‍ മലയില്‍ കയറിയ ആളെ കണ്ടെത്തി. രാധാകൃഷ്ണനെന്ന ആദിവാസി യുവാവാണ് മലയില്‍ കയറിയത്. മലയുടെ പരിസരം ഈ യുവാവിന് കൃത്യമായി അറിയാമായിന്നെന്നാണ് പ്രദേശവാസികള്‍ വിലയിരുത്തുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തി ബേസ് ക്യാംപില്‍ എത്തിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ ജീപ്പില്‍ അവരെ കൊണ്ടുവരികയാണെന്ന് മാധ്യമപ്രവര്ത്തകന് ജോണ്‍ വര്‍ഗീസ് പറഞ്ഞു. തിരച്ചിലിനു പോയ മുഴുവന്‍ സംഘങ്ങളും തിരികെ എത്തി. വഴി തെറ്റിപ്പോയതാണെന്ന് രാധാകൃഷ്ണന് പറഞ്ഞു എന്നാണ് വിവരം.
അതേസമയം, ബാബുവിന് കിട്ടിയ ഇളവ് ഇനി ആര്‍ക്കും അനുവദിക്കില്ലെന്നും കര്‍ശനമായ നടപടി ഉണ്ടാകുമെന്നും വനം-റവന്യൂ മന്ത്രിമാര്‍ വ്യക്തമാക്കി. മലമ്പുഴ ചെറാട് മലയില്‍ വീണ്ടും ആള് കയറിയ സാഹചര്യം ഉന്നത തല യോഗം ചേരുന്ന ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.
മലയില്‍ കയറാന്‍ കൃത്യമായ നിബന്ധനകള്‍ ഉണ്ടാക്കുമെന്നും അനധികൃതമായി മല കയറുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടി ഉണ്ടാകുമെന്നും മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു. ബാബുവിന് കിട്ടിയ ഇളവ് ഇനിയാര്‍ക്കും ലഭ്യമാവില്ലെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു.
ബാബുവും കൂട്ടരും നിയമ ലംഘമാണ് നടത്തിയിരിക്കുന്നതെങ്കില്‍ പോലും പ്രത്യേക ഇളവ് നല്‍കുകയായിരുന്നു. കൂടുതല്‍ പേര് മല കയറാനും, നിയമ ലംഘനം നടത്താനും ശ്രമിക്കുന്നതായി ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഒരു കാരണവശാലും അനധികൃത കടന്നുകയറ്റം അനുവദിക്കില്ല. കൂടുതല്‍ ജാഗ്രതയോടെ പരിശോധന നടത്തും. കൂടുതല്‍ ആര്‍ആര്‍ടിമാരെ നിയോഗിക്കുമെന്നും എകെ ശശീന്ദ്രന് പറഞ്ഞു. ഇന്നലെ നടന്നത് ഗൗരവമുള്ള വിഷയമാണെന്നും കെ രാജന് പ്രതികരിച്ചു. വിഷയം സമഗ്രമായി കളക്ടര്‍ പരിശോധിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കും
Discussion about this post