കാസർകോട്:കടം ചോദിച്ച പെട്രോൾ നൽകിയില്ലെന്ന് ആരോപിച്ച് പെട്രോൾ പമ്പ് അടിച്ചു തകർത്തു. കാസർകോട് ഉളിയത്തടുക്കയിൽ പെട്രോള്‍ പമ്പിലാണ് അക്രമം നടന്നത്. സംഭവത്തിൽ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു.
ഉളിയത്തടുക്കയിലെ എ.കെ സൺസ് പെട്രോൾ പമ്പിൽ ഇന്ന് പുലർച്ചെയാണ് ആക്രമണം. പമ്പിലെ ഓഫീസ് റൂമും ജ്യൂസ് സെന്ററും ഓയിൽ റൂമും അക്രമികൾ അടിച്ച് തകർത്തു. ഇരുചക്രവാഹനത്തിൽ എത്തിയ രണ്ട് പേർ അൻപത് രൂപയ്ക്ക് പെട്രോൾ കടം ചോദിച്ചപ്പോൾ നൽകാതിരുന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് പമ്പുടമ പറഞ്ഞു.
ജീവനക്കാർ എതിർത്തതോടെ ഇവർ പോയെങ്കിലും ഇന്നലെ വൈകുന്നേരം സുഹൃത്തുക്കളുമായി സംഘടിച്ചെത്തി പമ്പുടമയുടെ അനുജനെ വളഞ്ഞിട്ട് തല്ലി. പിന്നീട് ഇന്ന് പുലർച്ചെ സംഘം വീണ്ടുമെത്തിയാണ് ഓഫീസ് റൂം അടക്കമുള്ളവ അടിച്ച് തകർത്തത്.
ആക്രമണത്തിൽ പങ്കെടുത്ത കൂടുതൽ പേർക്കായുള്ള തെരച്ചിലിലാണ് പൊലീസ്. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലയിലെ മുഴുവൻ പെട്രോൾ പമ്പുകളും നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ അടച്ചിടാൻ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തീരുമാനിചിരിക്കുകയാണ്.
Discussion about this post