കണ്ണൂർ: തോട്ടടയിൽ കല്യാണവീടിന് മുന്നിൽ വെച്ച് ബോംബ് പൊട്ടി ഒരു യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തിന് കാരണം തലേദിവസം കല്ല്യാണവീട്ടിലുണ്ടായ തർക്കങ്ങളെന്ന് പ്രാഥമികനിഗമനം. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ ഹേമന്ത്, അരവിന്ദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി തോട്ടടയിലെ കല്ല്യാണവീട്ടിൽ പാട്ട് വെയ്ക്കുന്നതിനെച്ചൊല്ലി യുവാക്കൾ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബോംബ് കൊണ്ടുവന്ന് ആക്രമിക്കുന്നതിലേക്ക് നീങ്ങിയതെന്നാണ് സംശയം.
ഏച്ചൂരിൽനിന്ന് വന്ന സംഘവും മറ്റൊരു സംഘവും കഴിഞ്ഞദിവസം രാത്രി വിവാഹവീട്ടിൽവെച്ച് തർക്കമുണ്ടായി. ഒരുകൂട്ടർ പാട്ട് വെക്കണമെന്നും മറ്റൊരു കൂട്ടർ പാട്ട് വെയ്ക്കരുതെന്നും പറഞ്ഞു. പാട്ട് വെച്ചതോടെ ഇവർ തമ്മിൽ കൈയാങ്കളിയും അടിയും അരങ്ങേറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഇവരെ പിടിച്ചുമാറ്റുകയായിരുന്നെന്നും സംഭവത്തെക്കുറിച്ച് പ്രദേശവാസിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ രവി പ്രതികരിച്ചു.
‘ആ പ്രശ്നമൊക്കെ അപ്പോൾ ഒതുക്കിയതാണ്. പിന്നീട് ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് രാവിലെ ഇവർ ഒരു ഗ്യാങ്ങായി ഒരേ ഡ്രസിൽ കല്ല്യാണവീട്ടിൽ വന്നിരുന്നു. അത് ഞങ്ങളെല്ലാം കണ്ടതാണ്. വിവാഹചടങ്ങിന് പോയി തിരിച്ചുവരുമ്പോളും അവരുണ്ടായിരുന്നു. ഞാൻ ചെറുക്കന്റെ അച്ഛന്റെ കൂടെ നേരത്തെ പോന്നു. പിന്നീട് ചൊവ്വയ്ക്ക് പോയി ഇവിടേക്ക് വരുമ്പോഴാണ് ഒരേ പോലെ വസ്ത്രം ധരിച്ച ചെറുപ്പക്കാർ ഓടുന്നത് കണ്ടത്. ഓടടാ ഓടടാ എന്നുപറഞ്ഞ് ഒച്ചവെച്ചുകൊണ്ടാണ് അവർ ഓടിയിരുന്നത്. റോഡിൽ ഒരു വണ്ടിയുണ്ടായിരുന്നു. എടുക്കെടാ വണ്ടി എന്ന് പറഞ്ഞ് ഇവരെല്ലാം ആ വണ്ടിയിൽ കയറി. ഒരു വെളുത്ത നിറത്തിലുള്ള ട്രാവലർ ആയിരുന്നു. 18-ഓളം പേരുണ്ടായിരുന്നു അവർ. പെട്ടെന്ന് തന്നെ അവർ വണ്ടി എങ്ങനെയൊക്കെയോ തിരിച്ച് വേഗം രക്ഷപ്പെടുന്നതാണ് കണ്ടത്.’
‘അത് കഴിഞ്ഞ് ഞാൻ റോഡിലെത്തിയപ്പോൾ രണ്ടാളുകൾ കാറിലിരുന്ന് കരയുന്നതും ഒരാളെ അതിൽ കൊണ്ടുപോകുന്നതുമാണ് കണ്ടത്. എന്താ സംഭവമെന്ന് ചോദിച്ചപ്പോൾ ബോംബേറാണെന്ന് പറഞ്ഞു. അപ്പോൾ കാർ വേഗം വിട്ടു. ആസമയം വന്ന ബൈക്കിൽ കയറി കല്ല്യാണവീടിന് സമീപത്തേക്ക് വന്നു. അപ്പോഴാണ് തലയില്ലാത്ത നിലയിൽ റോഡിൽ മൃതദേഹം കാണുന്നത്. ഭീകരമായിരുന്നു ആ കാഴ്ച. ആരും ഇടപെടുന്നില്ല. ഞാൻ ഉടനെ പോലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം പറഞ്ഞു. ഉച്ചയ്ക്ക് 2.20-ഓടെയായിരുന്നു ഈ സംഭവമെല്ലാം. നീല പോലുള്ള ഷർട്ടും മുണ്ടും ആയിരുന്നു എല്ലാവരും ധരിച്ചിരുന്നത്. ആ കാഴ്ച ഭീകരമായിരുന്നു. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. തലയുടെ ഭാഗമൊക്കെ ദൂരേക്ക് തെറിച്ചിരുന്നു. പിന്നെ ഞാൻ അങ്ങോട്ടേക്ക് നോക്കിയിട്ടില്ല”- രവി പറയുന്നു.
ഏച്ചൂര്‍ ബാലക്കണ്ടി വീട്ടില്‍ പരേതനായ മോഹനന്-ശ്യാമള ദമ്പതിമാരുടെ മകനാണ് കൊല്ലപ്പെട്ട ജിഷ്ണു. കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. സഹോദരന്: മെഹുല്‍.
Discussion about this post