വണ്ടൂർ: പതിവിൽ നിന്ന് വ്യത്യസ്തമായി വിഭവ സമൃദ്ധമായ ഭക്ഷണം സൗജന്യമായി നൽകി കുടുംബശ്രീ ഹോട്ടൽ. മലപ്പുറം ജില്ലയിലെ വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് എത്തിയവർക്ക് സൗജന്യ ഊൺ വിളമ്പിയത്. പാമ്പുപിടുത്തക്കാരൻ വാവാ സുരേഷ് ആരോഗ്യവാനായി ആശുപത്രി വിട്ടതിലുള്ള സന്തോഷമാണ് സൗജന്യമായി ഭക്ഷണം നൽകുന്നതിന് പിന്നിലുള്ള കാരണം.
ഊണ്, ചോറ്, സാമ്പാർ, മീൻകറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, മസാലക്കറി, പപ്പടം, അച്ചാർ, പായസം എന്നിവ ഉൾപ്പടെയാണ് സൗജന്യമായി ഭക്ഷണം വിളമ്പിയത്. പതിവുപോലെ ഭക്ഷണം കഴിച്ച് കൗണ്ടറിൽ എത്തുമ്പോൾ കാഷ്യർ പണം വാങ്ങിയില്ല. ഇന്നത്തെ ഊണിന് പണം വേണ്ട. വാവ സുരേഷ് ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതിന്റെ സന്തോഷത്തിനാണ് ഇന്നത്തെ ഊണെന്ന് ഉപഭോക്താക്കളെ അറിയിക്കുകയായിരുന്നു. അതോടെ കഴിച്ചവരുടെയും മനസ് നിറഞ്ഞു.
സിഡിഎസ് അംഗവും കുടുംബശ്രീ ഹോട്ടലിന്റെ നടത്തിപ്പുകാരിയുമായ കെസി നിർമലയാണ് സൗജന്യമായി ഊണ് നൽകിയത്. പ്രതിഫലം വാങ്ങാതെ പാമ്പുകളെ പിടിച്ച് ആളുകളുടെ ജീവൻ രക്ഷിക്കുന്ന വാവ സുരേഷ് പാമ്പുകടിയേറ്റ് ചികിത്സയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ മനസ്സിലുറപ്പിച്ചതാണ് അദ്ദേഹം രോഗം ഭേദമായി തിരിച്ചെത്തിയാൽ ആഘോഷിക്കുമെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു.
തുടർന്ന് എല്ലാവരും കൂടിയാലോചിച്ചാണ് സൗജന്യ ഭക്ഷണമെന്ന ആശയത്തിലേക്കെത്തിയതെന്ന് നിർമല പറയുന്നു. കൊവിഡ് കാലത്തും ഈ ഹോട്ടൽ ജീവകാരുണ്യപ്രവർത്തനത്തിന് മുൻപന്തിയിലുണ്ടായിരുന്നു. രണ്ട് ജോലിക്കാർക്ക് വീടുവെച്ചു നൽകുകയും ചെയ്തു. 27 പേർക്ക് തയ്യൽ മെഷീൻ വാങ്ങിയും നൽകിയിട്ടുണ്ട്.