കാഞ്ഞിരപ്പള്ളി: ഇരട്ടകുട്ടികളായ തന്റൈ പൊന്നോമനകളെ ഒരു നോക്ക് കാണുവാൻ സാധിക്കാതെ കൃഷ്ണപ്രിയ യാത്രയായി. പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ തമ്പലക്കാട് പാറയിൽ ഷാജി-അനിത ദമ്പതികളുടെ മകൾ കൃഷ്ണപ്രിയ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ ശനിയാഴ്ചയാണ് മരിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 29നാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ കൃഷ്ണപ്രിയ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. പിറ്റേന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ട കൃഷ്ണപ്രിയ അബോധാവസ്ഥയിലായി.അണുബാധയെത്തുടർന്ന് രക്ത സമ്മർദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും, ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചുവെന്നുവാണ് പരിശോധനയിൽ കണ്ടെത്തിയത്.
കൃഷ്ണപ്രിയയുടെ ഭർത്താവ് മൂവാറ്റുപുഴ സ്വദേശി പ്രവീൺ ഡ്രൈവിംഗ് ജോലികൾ ചെയ്താണ് കുടുംബം നോക്കിയിരുന്നത്. 24 കാരിയായ കൃഷ്ണപ്രിയയുടെ ചികിൽസയ്ക്കായി നാട്ടിൽ സഹായധനം സ്വരൂപിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.കൃഷ്ണപ്രിയയയുടെ സംസ്‌കാരം ഇന്ന് തമ്പലക്കാട്ടെ വീട്ടുവളപ്പിൽ നടക്കും.