തിരുവനന്തപുരം: സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസുകൾ നാളെ തുറക്കും. സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച പുതുക്കിയ മാർഗരേഖ ഇന്ന് പുറത്തിറക്കും. എല്ലാ ക്ലാസുകളും വൈകുന്നേരം വരെയാക്കുന്നത് അടക്കമുള്ള വിവരങ്ങൾ മാർഗരേഖയിലുണ്ടാകും.
പകുതി കുട്ടികൾ മാത്രം ക്ലാസിൽ എത്തുന്ന തരത്തിൽ ഉച്ച വരെയാകും നാളെ മുതൽ സ്‌കൂളുകൾ പ്രവർത്തിക്കുക. ക്ലാസ് വൈകുന്നേരം വരെ നീട്ടുന്നത് കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കും. ക്ലാസുകളുടെ ക്രമീകരണവും നടത്തിപ്പും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി വകുപ്പുതല യോഗം ചേർന്നിരുന്നു. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായും ചർച്ച നടത്തും. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമേ സ്‌കൂളുകൾ പൂർണ തോതിൽ പ്രവർത്തിക്കൂ.
പാഠഭാഗങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ അധിക സമയം അനുവദിക്കുന്നതിൽ തീരുമാനമുണ്ടാകും. സ്‌കൂൾ ശുചീകരണം, അണുനശീകരണം എന്നിവ ഇന്നത്തെ ഉദ്യോഗസ്ഥ യോഗം വിലയിരുത്തും. ഹയർസെക്കണ്ടറിയിൽ ഇനിയും 25 ശതമാനം പാഠഭാഗങ്ങൾ പഠിപ്പിച്ച് തീരാനുണ്ട്.
സ്‌കൂളിലെത്താൻ പറ്റാത്ത വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസ് ശക്തിപ്പെടുത്തും. അധ്യയന വർഷം നീട്ടാതെ പാഠഭാഗങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കൃത്യസമയത്ത് തന്നെ പരീക്ഷകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.