വെഞ്ഞാറമൂട്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ടു അനുജനെ ബന്ദിയാക്കി പെട്രോൾ ഒഴിച്ച് തീ കൊളുത്തുമെന്ന് യുവാവിന്റെ ആത്മഹത്യാഭീഷണി. വെമ്പായം ഒഴുകുപാറ സ്വദേശിയായ യുവാവാണ് ഇന്നലെ ഉച്ചയ്ക്ക് വീട്ടിനുള്ളിൽ അനുജനെ ബന്ദിയാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വെഞ്ഞാറമൂട് പൊലീസും അഗ്‌നിശമന വിഭാഗവും ചേർന്നാണ് യുവാവിനെ തന്ത്രപൂർവം കീഴടക്കിയത്. യുവാവ് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ളയാളായിരുന്നുവെന്നും അതുകൊണ്ടു തന്നെ ഇയാളെ അനുനയിപ്പിക്കുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും സംഭവ ശേഷംപൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ;
മാതാവിനെയും സഹോദരിയെയും പുറത്താക്കി യുവാവ് വാതിൽ അടച്ചു. പിന്നീട് യുവാവ് അനുജന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചതിനു ശേഷം ഒരു മുറിയ്ക്കുള്ളിലിട്ടു പൂട്ടി. തുടർന്ന് സ്വന്തം ദേഹത്തേക്കും പെട്രോൾ ഒഴിച്ചു. ഒരു കൈയ്യിൽ പെട്രോൾ നിറച്ച കന്നാസും മറുകയ്യിൽ തീപ്പെട്ടിയുമായി ആയിരുന്നു ഭീഷണി. മാസങ്ങൾക്ക് മുൻപ് പിണങ്ങിപ്പോയ ഭാര്യയെ പൊലീസ് ഇടപെട്ട് തിരികെ വീട്ടിലെത്തിക്കണമെന്നായിരുന്നു ആവശ്യം.
നാട്ടുകാരും ബന്ധുക്കളും യുവാവിനോടു സംസാരിച്ചിട്ടും വഴങ്ങിയില്ല. സംഭവമറിഞ്ഞ് വെഞ്ഞാറമൂട് പോലീസും അഗ്‌നിശമന വിഭാഗവും എത്തി. പോലീസിനോടു സംസാരിക്കാൻ തയാറാണെന്നു യുവാവ് അറിയിച്ചു. തുടർന്ന് വെഞ്ഞാറമൂട് പൊലീസ് ഇൻസ്‌പെക്ടർ തന്ത്രത്തിൽ യുവാവിനെ വീടിന്റെ പിൻവശത്തെ ജനലിനു സമീപത്തേക്കു വിളിച്ചു വരുത്തി. ഈ സമയം മറ്റൊരു സംഘം വീടിന്റെ വാതിൽ പൊളിച്ച് ഫയർ എൻജിനിൽ നിന്നും യുവാവിന്റെ ദേഹത്തേക്ക് വെള്ളം ചീറ്റിച്ചു പെട്രോൾ നിർവീര്യമാക്കി. കൈയ്യിലുണ്ടായിരുന്ന തീപ്പെട്ടി പൂർണമായും നനഞ്ഞു കുതിർന്നു.
നിസ്‌കാര സൗകര്യം ഒരുക്കി: സര്‍ക്കാര്‍ സ്‌കൂളിനെതിരെ നടപടിയ്‌ക്കൊരുങ്ങി കര്‍ണാടക
അപ്രതീക്ഷിതമായി ദേഹത്തേക്കു വെള്ളം വീണ യുവാവ് പതറി നിൽക്കുന്നതിനിടെ പോലീസും അഗ്‌നിശമന വിഭാഗവും ചേർന്ന് യുവാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് മുറിക്കുള്ളിൽ ബന്ദിയാക്കിയിരുന്നയാളെയും മോചിപ്പിച്ചു പുറത്തെത്തിച്ചു.
Discussion about this post