ഇടുക്കി: പാലക്കാട് മലമ്പുഴ ചെറാട് കൂരാച്ചിമലയിൽ ട്രക്കിങ്ങിന് പോയി കുടുങ്ങിപ്പോയ ബാബുവിനെ സാഹസീകമായി രക്ഷപ്പെടുത്തിയതിന് പിന്നാലെ ഇടുക്കി ജില്ലയിൽ അനുമതി കൂടാതെയുള്ള എല്ലാ ട്രക്കിങ്ങുകളും നിരോധിച്ചു. ഇതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിനോദ സഞ്ചാരികൾ അനുമതി കൂടാതെ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രക്കിംഗ്, ഉയർന്ന മലകളിലേക്കുളള ട്രക്കിംഗ് എന്നിവ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ഇതിനെ തുടർന്ന് വിനോദ സഞ്ചാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയുള്ള വിനോദ സഞ്ചാരികളുടെ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രക്കിംഗ്, ഉയർന്ന മലകളിലേക്കുള്ള ട്രക്കിംഗ് എന്നിവ 11-02-2022 മുതൽ ദുരന്ത നിവാരണ നിയമ പ്രകാരം നിരോധിച്ചതായി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
ഇതോടെ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ അനുമതിയില്ലാതെ നടത്തുന്ന എല്ലാ ട്രക്കിങ്ങുകളും അനധികൃതമായി കണക്കാക്കുകയും ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കുകയും ചെയ്യും. ട്രക്കിങ്ങ് ചെയ്യുന്ന പ്രദേശം വനം വകുപ്പിന്റെ അധീനതയിലാണെങ്കിൽ വനംവകുപ്പിന്റെ അനുമതിയോട് കൂടി മാത്രമേ ഇനി മുതൽ ട്രക്കിങ്ങ് നടത്താൻ സാധിക്കുകയുള്ളൂ.