പന്തളം; ടാറിൽ പുതഞ്ഞ ശരീരത്തിൽ നിന്ന്, ജീവനുവേണ്ടി കേഴുന്ന ആ കുഞ്ഞു നായകുട്ടിയുടെ നോട്ടം കണ്ടില്ലെന്ന് വെക്കാൻ മുൻ ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കലിന് സാധിച്ചില്ല. രഘു രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് കുരമ്പാല-കീരുകുഴി റോഡരികിൽ ചാക്കിൽ പൊതിഞ്ഞ് കിടന്ന് എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ചാക്ക് തുറന്നുനോക്കിയപ്പോൾ തല മുതൽ വാലറ്റംവരെ ടാറിൽ മുങ്ങി കാലും കൈയും അനക്കാനാവാതെ വിഷമിച്ച് കിടക്കുന്ന ഒരു നായ്ക്കുട്ടിയെ കണ്ടു. ആരോ ചാക്കിൽ കൊണ്ടുവന്ന ഉപേക്ഷിച്ചതായിരുന്നു. രക്ഷപ്പെടുത്താനായി ഒന്നുരണ്ടു പേരോട് സഹായത്തിന് അപേക്ഷിച്ചെങ്കിലും ആരും തന്നെ തയ്യാറായില്ല. വീഡിയോ എടുക്കാനും ഫോട്ടോ പകർത്താനുമായിരുന്നു ആളുകൾക്ക് താത്പര്യമെന്ന് രഘു പറയുന്നു.
ഒടുവിൽ പെരുമ്പുളിക്കൽ ഒയാസിസ് ക്ലബ്ബിന്റെയും സ്നേഹിതർ കൂട്ടായ്മയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന രഘു, നായ് പ്രേമി കൂടിയായ തന്റെ സുഹൃത്ത് ഉദയനെ വിളിച്ചു വരുത്തി. രണ്ടുപേരുംചേർന്ന് മൂന്നുമണിക്കൂർ പ്രയത്നിച്ച് മണ്ണെണ്ണ ഉപയോഗിച്ച് നായ്കുട്ടിയുടെ ദേഹത്തെ ടാർ അലിയിച്ച് മാറ്റുകയായിരുന്നു.
തൊലി പൊള്ളിത്തുടങ്ങിയതിനാൽ പൂർണമായി മാറ്റാനായില്ലെങ്കിലും നായ ഭക്ഷണം കഴിച്ച് വെള്ളവും കുടിച്ചതായി രഘു പറഞ്ഞു. തൊലി അടർന്ന് ഭാഗത്ത് മരുന്ന് വെച്ച് ശുശ്രൂഷയും നൽകി. ഇതേ സ്ഥലത്ത് വണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ് വീണ നായയെ കൊല്ലത്ത് ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകി രക്ഷപെടുത്തുകയും ചെയ്തു.
Discussion about this post