‘ഒരു റോപ്പ് വേ പോയാല്‍ ഒരു രോമം പോകുന്നത് പോലെയെ ഉള്ളൂ, ആരും ഇവിടെ പൊട്ടിക്കരയാന്‍ പോകുന്നില്ല’; പിവി അന്‍വര്‍ എംഎല്‍എ

കോഴിക്കോട്: അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത റോപ്പ് വേ പൊളിച്ചുനീക്കുന്നു.

ചീങ്കണ്ണിപ്പാറയിലെ തടയണ, റോപ് വേ, ബോട്ട് ജെട്ടി എന്നിവയാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കുന്നത്. ഓംബുഡ്സ്മാന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.

ഒരു റോപ്പ് വേ പോയാല്‍ ആരും ഇവിടെ പൊട്ടിക്കരയാന്‍ പോകുന്നില്ലെന്ന് പൊളിച്ചുനീക്കല്‍ നടപടികള്‍ക്ക് പിന്നാലെ അന്‍വര്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണ പൊളിച്ചുനീക്കിയതിന് പിറകെയാണ് നേരത്തെ എംഎല്‍എയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്തെ തടയണയ്ക്ക് കുറകേയുള്ള റോപ്പ് വേയും പൊളിക്കുന്നത്. റോപ്പ് വേ ടവറുകളാണ് ആദ്യഘട്ടത്തില്‍ പൊളിച്ചുനീക്കുന്നത്. ഈ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ 10 ദിവസമെടുക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു

കേവലം റസ്റ്റോറന്റിനുള്ള ലൈസന്‍സിന്റെ മറവില്‍ കക്കാടംപൊയില്‍ ചീങ്കണ്ണിപാറയില്‍ വനഭൂമിയോട് ചേര്‍ന്ന് മൂന്ന് മലകളെ ബന്ധിപ്പിച്ച് നിര്‍മിച്ച റോപ്പ് വേയാണ് പൊളിച്ചുനീക്കുന്നത്. തദ്ദേശ സ്വയംഭരണം ഓംബുഡ്സ്മാന്റെ ഉത്തരവിലാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നടപടി. 1.47 ലക്ഷം രൂപയ്ക്കാണ് കരാര്‍.

ഒരു റോപ്പ് വേ പോയാല്‍ ഒരു രോമം പോകുന്നത് പോലെയെ തനിക്കുള്ളുവെന്ന് പരാതിക്കാരനേയും മാധ്യമങ്ങളെയും അപഹസിച്ച് അന്‍വര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇത്ര ആഘോഷിക്കാന്‍ മാത്രം ആരും ഇവിടെ പൊട്ടിക്കരഞ്ഞ് തളര്‍ന്നുകിടക്കാന്‍ പോകുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.

ആര്യാടന്‍ കുടുംബത്തിന്റെ അനുയായിയാണ് രാഷ്ട്രീയ പ്രേരിതമായ കേസിന് പിന്നിലെന്നാണ് അന്‍വറിന്റെ ആരോപണം. അതേസമയം അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിലായിരുന്നു നിലമ്പൂര്‍ എംഎല്‍എയുടെ നിയമലംഘനമെന്നും സത്യം ജയിച്ചെന്നും പരാതിക്കാരന്‍ പറഞ്ഞു.

റസ്റ്റോറന്റ് നിര്‍മിക്കാനാണെന്ന് കാണിച്ച് പഞ്ചായത്തില്‍ നിന്ന് അനുമതി നേടിയ ശേഷം വിവാദമായ കക്കാടംപൊയില്‍ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ ഭാഗമാകുന്ന വിധത്തില്‍ നിര്‍മാണം നടത്തുകയായിരുന്നു. നിലമ്പൂരിലെ എം പി വിനോദ് എന്നയാളാണ് പരാതി നല്‍കിയത്.

Exit mobile version