കൊച്ചി: സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെയുള്ള ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും ഇനി കൊച്ചി കോർപ്പറേഷനിലും ലഭ്യമാകും. ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ഉദ്ഘാടനത്തിൽ ടിജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബിന്ദു ശിവൻ ആദ്യ ഓൺലൈൻ ഓർഡർ നൽകി. കൗൺസിലറായ മാലിനി കുറുപ്പ് ആശംസ നേർന്നു. സപ്ലൈകോ എംഡി ഡോ.സഞ്ജീബ് കുമാർ പട്ജോഷി സ്വാഗതവും ജി എം ടിപി സലിം കുമാർ നന്ദിയും പറഞ്ഞു.
സപ്ലൈകോയിൽ നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓൺലൈൻ ഡെലിവെറി ആരംഭിച്ചിരിക്കുന്നത്. സപ്ലൈ കേരള ആപ്പിലൂടെ സമീപത്തെ സപ്ലൈകോ ഒട്ട്ലെറ്റുകളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങാവുന്നതാണ്. കൊച്ചി കോർപ്പറേഷൻ പരിസരത്തെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് ഹോം ഡെലിവറി ആദ്യഘട്ടത്തിൽ ലഭ്യമാക്കിയിരിക്കുന്നത്.
നിലവിൽ കോർപറേഷൻ പരിധിയിൽ ആണ് നടപ്പിലാക്കുന്നതെങ്കിലും മാർച്ച് അവസാനത്തോടെ സംസ്ഥാനത്തെ സപ്ലൈകോയുടെ എല്ലാ ഔട്ട് ലെറ്റുകളിലും പദ്ധതി നടപ്പിലാക്കും.
സപ്ലൈകോ വിൽപനശാലകളിലെ എല്ലാ നിത്യോപയോഗ സാധനങ്ങളും ഹോം ഡെലിവറി വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകും. സബ്സിഡി ഇതര ഉത്പന്നങ്ങളാണ് വാങ്ങിക്കാനാവുക. ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഡിസംബർ 11ന് തൃശ്ശൂരിലാണ് സപ്ലൈകോ ഓൺലൈൻ വിൽപനയുടെയും ഹോം ഡെലിവറിയുടെയും സംസ്ഥാനത്തെ ആദ്യഘട്ടം ആരംഭിച്ചത്. തുടർന്ന് കോഴിക്കോടും തിരുവനന്തപുരത്തും കൊല്ലത്തും കണ്ണൂരിലും പദ്ധതിക്ക് തുടക്കം കുറിച്ചു.
സപ്ലൈ കേരള മൊബൈൽ ആപ്പ് വഴി ഓർഡർ ചെയ്യുമ്പോൾ ബ്രാന്റഡ് ഉൽപന്നങ്ങൾക്ക് എംആർപിയിൽ നിന്നും 5 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകുന്നതാണ്. ഇത് കൂടാതെ ഏതൊരു ഓൺലൈൻ ബില്ലിനും അഞ്ച് ശതമാനം കിഴിവും ലഭിക്കു. ഓരോ ആയിരം രൂപ അല്ലെങ്കിൽ അതിന് മേൽ വരുന്ന ബില്ലിന് കിഴിവിനൊപ്പം ഒരു കിലോ ചക്കി ഫ്രഷ് ഹോൾ വീറ്റ് ആട്ടയും ഓരോ രണ്ടായിരം അല്ലെങ്കിൽ അതിന് മേൽ വരുന്ന ബില്ലിന് അഞ്ച് ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ശബരി ഗോൾഡ് തേയിലയും ഓരോ അയ്യായിരം രൂപ അല്ലെങ്കിൽ അതിന് മേൽ വരുന്ന ബില്ലിന് അഞ്ച് ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്ററിന്റെ പൗച്ചും സപ്ലൈകോ സൗജന്യമായി നൽകുന്നതായിരിക്കും.
ഓൺലൈൻ വിൽപനയോടൊപ്പം തന്നെ സപ്ലൈകോയുടെ സെൽഫി എടുക്കൂ സമ്മാനം നേടൂ മത്സരവും ആരംഭിച്ചിട്ടുണ്ട്. മാർച്ച് 31 വരെയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള സമയം. സപ്ലൈകോ ജീവനക്കാരൊഴികെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
നിബന്ധനകൾ:
1. മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രങ്ങൾ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ.
2. വാങ്ങിയ ഉത്പന്നത്തിനൊപ്പമുള്ള സെൽഫി എടുക്കുക.
3. ഉത്പന്നവും മത്സരത്തിൽ പങ്കെടുക്കുന്നയാളുടെ മുഖവും സെൽഫിയിൽ കൃത്യമായി പതിഞ്ഞിരിക്കണം.
4. പകർത്തിയ ചിത്രം എഡിറ്റ് ചെയ്യാതെ തന്നെ സപ്ലൈകോയുടെ ഫേസ്ബുക്ക് മെസഞ്ചർ വഴി അയയ്ക്കുക.
5. ചിത്രം സപ്ലൈകോയുടെ ഔദ്യോഗിക എഫ്ബി പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
6. പങ്കെടുക്കുന്നവർ സപ്ലൈകോ പോസ്റ്റ് ചെയ്തിരിക്കുന്ന തങ്ങളുടെ ചിത്രം സ്വന്തം അക്കൗണ്ട് വഴി ഷെയർ ചെയ്യണം.
7. നിശ്ചിത സമയത്തിൽ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്ന ചിത്രത്തിനായിരിക്കും ആകർഷകമായ സമ്മാനങ്ങൾ.. ഒന്നാം സമ്മാനം അയ്യായിരം രൂപ
2. രണ്ടാ സമ്മാനം മൂവായിരം രൂപ
(ബില്ല് കൈവശം ഇല്ലാത്തവരെ സമ്മാനത്തിനായി പരിഗണിക്കുകയില്ല)
Discussion about this post