പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബു പൂര്‍ണ്ണ ആരോഗ്യവാനായി വീട്ടില്‍ തിരിച്ചെത്തി. ബാബുവിനെ സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. ബാബുവിന് സാമ്പത്തിക സഹായവുമായി തൃശ്ശൂരിലുള്ള ഒരു കൂട്ടം ആളുകളും രംഗത്തെത്തി. ബാബുവിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത്തരം സാഹസികത ആരും ആവര്‍ത്തിക്കരുത് എന്ന് സംഭവത്തില്‍ ബാബു പറഞ്ഞു.
‘കാല്‍ വഴുതിയാണ് താഴേക്ക് വീണത്. മുകളിലേക്ക് കയറാന്‍ പറ്റില്ലെന്ന് അറിയാമായിരുന്നു അതിനാല്‍ താഴേക്കിറങ്ങി സുരക്ഷിതമായ സ്ഥലത്തിറങ്ങി നിന്നു. വീണയുടനെ ഫയര്‍ ഫോഴ്‌സിനെ വിളിച്ചു. കൂട്ടുകാര്‍ക്ക് ഫോട്ടോസ് അയച്ചു കൊടുത്തു. തിങ്കളാഴ്ച രാത്രി 10 മണി വരെ നില്‍ക്കുകയായിരുന്നു. അഞ്ചു… പത്തുസെക്കന്റുകള്‍ മാത്രമാണ് ഉറങ്ങിയത്’- ബാബു പറഞ്ഞു.
മലയില്‍ കുടുങ്ങിയപ്പോള്‍ പേടിയൊന്നും തോന്നിയിരുന്നില്ല. വെള്ളം ഇല്ലെന്ന കുറവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൂട്ടുകാര്‍ക്കൊപ്പം മല കയറാന്‍ പോയതാണെന്നും ബാബു വ്യക്തമാക്കി. കൂട്ടുകാര്‍ താഴേയ്ക്ക് ഇറങ്ങി. എന്നാല്‍ താന്‍ ഇറങ്ങിയപ്പോള്‍ കാല്‍ തെറ്റി വീണു. പിന്നീടാണ് ഫയര്‍ഫോഴ്സിനെ വിളിച്ചത്. കൂട്ടുകാര്‍ എല്ലാവരേയും വിളിച്ചുകൊണ്ട് വരാമെന്നു പറഞ്ഞു. അതുകൊണ്ട് ഭയം തോന്നിയില്ലെന്നും ബാബു പറഞ്ഞു.
രാത്രിയില്‍ ഗുഹയിലിരുന്നെന്നും താഴെനിന്നും ഒപ്പം ഉണ്ടായിരുന്നവര്‍ വിളിച്ചേക്കുമ്പോള്‍ മറുപടി നല്‍കിയിരുന്നതായും ബാബു വ്യക്തമാക്കി. ഗുഹയുടെ താഴേയ്ക്ക് വീണതല്ലെന്നും തണുപ്പ് കൂടി ഇരിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഇറങ്ങിയതാണെന്നും ബാബു വ്യക്തമാക്കി. താഴെ ആളുകള്‍ ഉണ്ടായിരുന്നതുകൊണ്ട് രക്ഷപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. മുകളിലേക്ക് കയറാന്‍ കഴിയില്ല, എന്നാല്‍ താഴേക്ക് ഇറങ്ങിവരാന്‍ കഴിയുമായിരുന്നു.
അതിനിടയില്‍ ഫയര്‍ഫോഴ്സ് എത്തിയാല്‍ രക്ഷപ്പെടാമല്ലോ എന്നാണ് കരുതിയിരുന്നതെന്നും ബാബു പറഞ്ഞു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ മുന്‍കൂട്ടി പെര്‍മിഷനെടുത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും യാത്രകള്‍ ഇനിയും തുടരുമെന്ന് ബാബു പറഞ്ഞു. ‘മലകയറാന്‍ തോന്നിയാല്‍ മല കയറണം’ എന്നും ബാബു മറുപടി നല്‍കി.
ഇത്തരം യാത്രയ്ക്ക് മുതിരുമ്പോള്‍ തീര്‍ച്ചയായും വെള്ളമെടുക്കണമെന്നും ബാബു ഓര്‍മിപ്പിച്ചു. രക്ഷപ്പെടുമെന്ന് വിശ്വാസമുണ്ടായിരുന്നു. പേടി തോന്നിയില്ല. പരമാവധി സുരക്ഷാ സ്ഥലത്ത് തന്നെ ഇരിക്കാന്‍ ശ്രമിച്ചെന്നും ബാബു കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചേറാട് മല കയറിയത്.
തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത്. ആര്‍മിയും എന്‍ഡിആര്‍എഫും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചൊവ്വാഴ്ച രാത്രി ചെറാട് മലയിലെത്തിയ സൈന്യം ബുധനാഴ്ച രാവിലെ 9 മണിക്കാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവര്‍ത്തകരെ ചുംബിച്ചാണ് ബാബു നന്ദി പ്രകടിപ്പിച്ചത്.