പാലപ്പിള്ളി: പാലപ്പിള്ളി എലിക്കോട് ആദിവാസി ഊരിൽ നിനുള്ള ആദ്യ പോലീസ് ഇൻസ്‌പെക്ടറായി യൂണിഫോമിൽ എത്തി സൗമ്യ. പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കിയാണ് യൂണിഫോമിൽ സൗമ്യ തന്റെ അമ്മ മണിയുടെ മുൻപിലെത്തിയത്. നെഞ്ചുചേർത്ത് അമ്മ സൗമ്യയ്ക്ക് ചുംബനം നൽകി. ഈ ചിത്രം ഇന്ന് സോഷ്യൽമീഡിയയുടെ മനംകവരുകയാണ്.
കഴിഞ്ഞ ജനുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഊരുമൂപ്പൻ ഉണ്ണിച്ചെക്കന്റെ മകളാണ് സൗമ്യ. വനമേഖലയിൽ ഫയർലൈൻ നിർമിക്കുകയായിരുന്ന ഉണ്ണിച്ചെക്കൻ ഒറ്റയാന്റെ മുന്നിൽപ്പെടുകയായിരുന്നു. തന്റെ പിതാവിന്റെ സ്വപ്‌നമാണ് സൗമ്യ ഇന്ന് നിറവേറ്റിയത്. അച്ഛൻ മരിക്കുമ്പോൾ രാമവർമപുരം പോലീസ് ക്യാമ്പിൽ പരിശീലനത്തിലായിരുന്നു സൗമ്യ.
തൃശ്ശൂർ കേരളവർമ കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ സൗമ്യ തിരുവനന്തപുരത്ത് ബി.എഡും പൂർത്തിയാക്കിയിരുന്നു. പരേഡ് കാണാൻ ഭർത്താവ് സുബിനും എത്തിയിരുന്നു. പഠനത്തിനുശേഷം സ്‌കൂൾ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് സൗമ്യയ്ക്ക് എസ്.ഐ. സെലക്ഷൻ ലഭിച്ചത്. പഴയന്നൂർ തൃക്കണായ ഗവ. യു.പി. സ്‌കൂളിലാണ് സൗമ്യ ജോലി ചെയ്തിരുന്നത്. കണ്ണൂരിലാണ് സൗമ്യയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.
Discussion about this post