തിരുവനന്തപുരം: കര്‍ണാടകയില്‍ ഹിജാബിനെതിരെ സഘപരിവാര്‍ ആക്രമണം ഉയര്‍ത്തുമ്പോള്‍, ഇങ്ങ് കേരളത്തില്‍, തിരുവനന്തപുരം ജില്ലയിലെ പൂവച്ചലില്‍ ഹൈടെക് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ തട്ടമിട്ട മുസ്ലിം പെണ്‍കുട്ടികള്‍ പാടിയ പ്രാര്‍ത്ഥനാ ഗാനം ഏറെ ചര്‍ച്ചയാവുന്നു. യൂണിഫോമിനൊപ്പം തട്ടവും ധരിച്ച വിദ്യാര്‍ത്ഥിനികളാണ് പൂവച്ചല്‍ സ്‌കൂളില്‍ നടന്ന കെട്ടിടോദ്ഘാടന ചടങ്ങില്‍ വെച്ച് പ്രാര്‍ത്ഥനാഗാനം ആലപിച്ചത്.
ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനികളെ പുറത്തു നിര്‍ത്തുകയും, സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ മറുപടി എന്ന നിലയ്ക്കാണ് ഇത് ചര്‍ച്ചയാവുന്നത്. പൂവച്ചല്‍ സ്‌കൂള്‍ കെട്ടിടോദ്ഘാടന ചടങ്ങിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നു.
തട്ടമിട്ട കുട്ടികളാണ് ഉദ്ഘാടന ചടങ്ങില്‍ പ്രാര്‍ത്ഥന ചൊല്ലിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തുടങ്ങിയവര്‍ പ്രാര്‍ത്ഥനാ ഗാനം ചൊല്ലുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്നു.
‘മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ 53 ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അവരുടെ സ്‌കൂള്‍ യൂണിഫോമിനൊപ്പം തട്ടവും ധരിച്ചാണ് പ്രാര്‍ത്ഥനാഗാനം ആലപിക്കുന്നത്. ഇത് സമൂഹത്തില്‍ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്,’ എന്ന കുറിപ്പോടെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി കേരളത്തിന് അഭിനന്ദനമറിയിക്കുന്നത്.