തൃശ്ശൂര്‍: ദേശീയപാത വീതി കൂട്ടാന്‍ ഭൂമി ഏറ്റെടുത്തതോടെ, സ്വപ്‌നമായി നിര്‍മ്മിച്ച ഇരുനില വീട് പൊളിച്ചുമാറ്റാന്‍ മുരളി കുന്നത്തുള്ളിയ്ക്ക് മനസ്സുവന്നില്ല. വീടിനെ അങ്ങോട്ട് നീക്കിവയ്ക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ഇന്നലെ മുതല്‍ വീട് മുന്‍പിലേക്ക് ‘തള്ളി നീക്കി’ തുടങ്ങി. തറയുടെ അടി ഭാഗത്തെ മണ്ണ് മാറ്റി മുന്‍പില്‍ പ്രത്യേക രീതിയില്‍ പണിത അടിത്തറയിലേക്ക് 385 ട്രോളി ജാക്കിയിലാണ് വീടു തള്ളി നീക്കുന്നത്. ഇന്നലെ 4 അടി മുന്നോട്ട് നീക്കി വച്ചു. വരും ദിവസങ്ങളില്‍ ബാക്കി 14 അടി കൂടി നീക്കും.
2019ല്‍ നെടുപുഴ പള്ളി പകുതി മുറിച്ച് വലുപ്പം കൂട്ടി മാറ്റിവെച്ച ഹരിയാനയിലെ റയ്സ് ടി.ഡി.ആര്‍.ബി എന്ന കമ്പനിയെയാണ് മുരളീധരന്‍ സമീപിച്ചത്. ഇപ്പോള്‍ വീട് നില്‍ക്കുന്നത് 200 ഓളം ജാക്കികളിലാണ്. നിലവിലെ വീട് ഉയര്‍ത്തിയശേഷം തറയിലെ കരിങ്കല്ലും മണലും മാറ്റി 18 അടി മുന്നിലേക്കാണ് മാറ്റുന്നത്. മൂന്ന് അടി ഉയരവും കൂട്ടും. റെയിലിലൂടെയാണ് വീട് നീക്കുക. മാറ്റിവയ്ക്കുന്ന സ്ഥലത്ത് തറ നിര്‍മ്മിച്ചു കഴിഞ്ഞു.
മൂന്നു വര്‍ഷം മുമ്പാണ് തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡിനു പിറകില്‍ കുന്നത്തുള്ളി പുതിയ വീട് വെച്ചത്. 3 അടിയോളം ഇതുവരെ നീക്കി. 18 അടിയോളം നീക്കേണ്ടി വരും. ഫെബ്രുവരിക്കുള്ളില്‍ പണി പൂര്‍ത്തീകരിക്കും. ദേശീയ പാത കടന്നുപോവുന്നത് ഈ വഴിയാകുമെന്ന സംശയത്തില്‍, വീടിന് തറകെട്ടി കാത്തിരുന്നത് വര്‍ഷങ്ങളോളമാണ്.
ഒറ്റമുറി കെട്ടിടം പണിത് അതിലായിരുന്നു താമസം. പിന്നീട് വീട് പണി പൂര്‍ത്തിയാക്കി. 16 സെന്റിലാണ് വീട് പണിതത്. 9 സെന്റ് സ്ഥലം ദേശീയ പാത വികസനത്തിനായി പോവും. ഇപ്പോള്‍ വീട് അറുത്തുമാറ്റേണ്ടി വരുമെന്ന സ്ഥിതിയായതോടെ പല വഴികളും ആലോചിച്ചു. ഇന്റര്‍നെറ്റില്‍ പരതിയാണ് വീട് മാറ്റിവയ്ക്കുന്നവരെ കണ്ടുപിടിച്ചത്.
നെടുപുഴ പള്ളിയില്‍ പോയി വികാരിയെ കണ്ടു ഉറപ്പും വാങ്ങി. ഇതോടെ റയ്സിന് അഡ്വാന്‍സും നല്‍കി. 13 ലക്ഷം രൂപയും 18 ശതമാനം ജി.എസ്.ടിയുമാണ് കമ്പനിക്ക് നല്‍കേണ്ടത്. ഡിസംബര്‍ രണ്ടിനാണ് വീട് നീക്കിവയ്ക്കാനുള്ള പണി ആരംഭിച്ചത്. മൂന്നുമാസമാണ് കരാര്‍ കാലാവധി. വീട് മുന്നിലേക്ക് നീക്കുന്ന പണിക്ക് ദിവസേന 10 മുതല്‍ 15 വരെ തൊഴിലാളികളാണുള്ളത്.