പാലക്കാട്: കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയകാലത്ത് സ്വന്തം നാടിനായി രക്ഷകനായി ലഫ്. കേണൽ ഹേമന്ദ് രാജ് അന്നും മുൻപന്തിയിലുണ്ടായിരുന്നു. കഴിഞ്ഞദിവസം മലമ്പുഴ ചെറാട് കൂർമ്പാച്ചിമലയിലെ പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ദൗത്യത്തിനായും ഈ മലയാളി ഓഫീസർ മുന്നിട്ടിറങ്ങി.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം, മലയിടുക്കിൽനിന്ന് രക്ഷിച്ച ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്ന പാലക്കാട് ഗവ. ആശുപത്രിയിലും അദ്ദേഹം കൂടെയെത്തിയിരുന്നു. സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുടെ ജീവനെടുത്ത ഹെലികോപ്റ്റർ ദുരന്തത്തിലും ആദ്യമെത്തിയ രക്ഷാസംഘത്തിൽ ഈ ഓഫീസറുമുണ്ടായിരുന്നു.
ഊട്ടിയിലെ കരസേനയുടെ മദ്രാസ് റെജിമെന്റിൽ പരിശീലകനായ ഹേമന്ദ് രാജ് ഒട്ടേറെ തവണ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്ത് ശ്രദ്ധേയനായി. കേരളംകൂടി ഉൾപ്പെടുന്ന സൗത്ത് സോൺ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഇൻചാർജ് കൂടിയാണ് ഇദ്ദേഹം. 2019ൽ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്‌കാരം നേടിയ ഹേമന്ദ് രാജ് കഴക്കൂട്ടം സൈനിക സ്‌കൂളിലെ 95 ബാച്ച് വിദ്യാർഥിയാണ്.
2002-ൽ എൻഡിഎയിൽ ട്രെയിനി ആയി ചേർന്നു. 2005-ൽ ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ തുടർപഠനം. 2006-ൽ കമ്മിഷൻഡ് ആർമി ഓഫീസർ. 2010-ൽ മേജർ. 2019-ൽ ലെഫ്റ്റനന്റ് കേണൽ. ഇപ്പോൾ ഊട്ടി വെല്ലിങ്ടൺ ദക്ഷിണമേഖലാ റെജിമെന്റിൽ. മികച്ച അത്‌ലറ്റും ഗിറ്റാറിസ്റ്റും സംഗീതപ്രിയനുമാണ് ഹേമന്ദ് രാജ്. ഊട്ടി റെജിമെന്റിലെ സ്പോർട്സ് കമാൻഡറാണിപ്പോൾ. കഴിഞ്ഞവർഷം ചൈന്നെയിൽ റിപ്പബ്ലിക് ദിന പരേഡിൽ മദ്രാസ് റെജിമെന്റിനെ നയിച്ചതും ഹേമന്ദ് രാജായിരുന്നു.
അതേസമയം, ബാബുവിനെ രക്ഷിച്ചതിന് പിന്നാലെ ഏറ്റുമാനൂരിലുള്ള ഹേമന്ദ് രാജിന്റെ വീട്ടിലേക്ക് ഒട്ടേറെ പേരാണ് അഭിനന്ദനങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രി വിഎൻ വാസവൻ തുടങ്ങിയവർ ഹേമന്ദിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.
ഏറ്റുമാനൂർ തവളക്കുഴി മുത്തുച്ചിപ്പി വീട്ടിൽ റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ ടികെ രാജപ്പന്റയും സിഎസ് ലതികാ ഭായിയുടെയും മകനാണ്. തവളക്കുഴിയിൽ ദന്ത ക്ലിനിക്ക് നടത്തുന്ന കോഴിക്കോട് പയ്യോളി സ്വദേശി ഡോ. തീർഥയാണ് ഭാര്യ. അയാൻ ഹേമന്ദ് മകനാണ്.