കേരളം സമാനകളില്ലാത്ത രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ബാബുവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ ട്രക്കിങ് ചെയ്യുകയായിരുന്ന മൂന്നംഗ സംഘത്തിലെ 23 വയസുകാരനായ ബാബു ആണ് മലയിടുക്കില്‍ കുടുങ്ങിപ്പോയത്. പിന്നീടിങ്ങോട്ട് കഴിഞ്ഞ 46 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബാബുവിനെ രക്ഷപ്പെടുത്തിയത് സൈന്യമാണ്.
ബാബുവിന്റെ ആത്മധൈര്യമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതില്‍ നിര്‍ണായകമായത്. മലയടിവാരത്തില്‍ പ്രാര്‍ഥനകളുമായി നിന്ന ഉമ്മ റഷീദയുടെ മനോധൈര്യവുമാണ് അത്ഭുതപ്പെടുത്തുന്നത്. രണ്ടു ദിവസത്തോളം എല്ലാ വേദനയും നെഞ്ചില്‍ അടക്കിപ്പിടിച്ച് ഒരു തുള്ളി കണ്ണീര്‍ പുറത്തു തൂവാതെ ആ ഉമ്മ കാത്തിരുന്നത് തന്റെ മോന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു.
ഏതൊരു മനുഷ്യനും നിയന്ത്രണം വിട്ടുപോകുന്ന സാഹചര്യത്തിലൂടെയായിരുന്നു റഷീദയും കടന്നു പോയതെങ്കിലും അസാമാന്യ മനോബലമായിരുന്നു അവര്‍ പ്രകടിപ്പിച്ചത്. ഉമ്മയെന്തെങ്കിലും കഴിച്ചോ എന്ന് മക്കളുടെ സ്നേഹത്തോടെ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, നിങ്ങളെന്തെങ്കിലും കഴിച്ചോ എന്ന് തിരിച്ച് അന്വേഷിക്കാനുള്ള മനസ് ആ പ്രയാസത്തിനിടയിലും റഷീദയ്ക്ക് കൈമോശം വന്നിരുന്നില്ല. അതുകൊണ്ടെല്ലാമാണ് റഷീദയെ ചൂണ്ടിക്കാട്ടി എല്ലാവരും പറയുന്നത്, ഈ ഉമ്മയുടെ മകനല്ലേ, പിന്നെങ്ങനെ ബാബു കൂള്‍ ആകാതിരിക്കും എന്ന്.
മാത്രമല്ല, മകനെ രക്ഷപ്പെടുത്തിയ ഓരോ രക്ഷാപ്രവര്‍ത്തകരും മലയിറങ്ങി താഴെ എത്തിയപ്പോള്‍ നേരിട്ട് കണ്ട് നിറകണ്ണുകളോടെ… തൊഴുകൈകളോടെ നന്ദി പറഞ്ഞാണ് അവര്‍ മടങ്ങിയത്.
ഉമ്മയുടെ ആത്മധൈര്യത്തെ കുറിച്ച് സോഷ്യല്‍ ലോകത്ത് ജെസ്‌നീസ് കുറിച്ചിട്ട വരികള്‍ ശ്രദ്ധേയമാകുകയാണ്:
‘ഞാനിന്ന് അതി മനോഹരമായ ഒരു കാഴ്ച കണ്ടു. ബാബുവിനെ സൈന്യം രക്ഷപ്പെടുത്തുമ്പോള്‍ താഴെ അത് കണ്ട് നില്‍ക്കുന്ന ഉമ്മ … വല്ലിമ്മ … എളേമ്മമാര്‍…. മരണത്തില്‍ നിന്നും രക്ഷപ്പെട്ട് ആ മകന്‍ വരുമ്പോള്‍ അത് വരെയും അത്രയധികം ധൈര്യത്തോടെ നിന്ന ആ ഉമ്മ വലിയ അത്ഭുതമായിരുന്നു. രണ്ട് ദിവസമായി ഉറങ്ങാതെ ഉണ്ണാതെ ആ മലയിലേക്ക് നോക്കി ഇരുന്ന കണ്ണുകള്‍…
ഉള്ളില്‍ അടക്കി വെച്ച സമ്മര്‍ദ്ദം കൊണ്ടാവാം ഒരു സമയത്ത് ആ ഉമ്മ ബോധരഹിതയായി വീണു. എന്റെ കുട്ടിക്ക് ഒരു തുള്ളി വെള്ളം കൊടുക്കോ ആരെങ്കിലും എന്ന് പറഞ്ഞ് ആ വല്ലിമ്മ കരയുന്നത് കേട്ട് റിപ്പോര്‍ട്ടര്‍മാര്‍ പോലും കരഞ്ഞു. വീഡിയോ എടുക്കാന്‍ പോയതാണെങ്കിലും ഞാന്‍ അത് പോലും മറന്ന് ആ ഉമ്മയുടെയും വല്ലിമ്മയുടെയും മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
മകന്‍ രക്ഷപ്പെട്ടു ഹോസ്പിറ്റലില്‍ ആക്കി എന്നറിഞ്ഞാല്‍ നമ്മളെല്ലാം ഹോസ്പിറ്റലിലേക്ക് ഓടും. പക്ഷേ ഈ ഉമ്മമാര്‍ അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. മലയിറങ്ങിക്കൊണ്ടിരിക്കുന്ന ഓരോ രക്ഷാപ്രവര്‍ത്തകരെയും നേരിട്ട് കണ്ട് നിറകണ്ണുകളോടെ… തൊഴുകൈകളോടെ നന്ദി പറയാന്‍’
‘ഇത്രയും നേരം എന്താണ് കരായത്തതെന്ന് ചോദിച്ചവരുണ്ട്. പക്ഷെ ഞാനങ്ങനെ മറ്റുള്ളവരുടെ മുമ്പില്‍ സങ്കടം പ്രകടിപ്പിക്കുന്ന വ്യക്തിയല്ല. കരഞ്ഞ് കഴിഞ്ഞാല്‍ ഞാന്‍ തളര്‍ന്നു പോവും. കരഞ്ഞാല്‍ എന്നെ ആശുപത്രിയില്‍ കൊണ്ട് പോവേണ്ടി വരും. മോനെ കണ്ടാല്‍ എനിക്ക് സന്തോഷമാണ്. ചീത്ത പറയും. അത് നിങ്ങള്‍ ചാനലില്‍ പിടിക്കേണ്ട. ഏത് മക്കളാണെങ്കിലും അമ്മമാര് വഴക്ക് പറയും. മകനെ ജീവനോടെ കിട്ടയതില്‍ സന്തോഷമുണ്ട്.
ഇനിമേല്‍ ഒരു തെറ്റും ഏത് മക്കളും ചെയ്യരുത്. ഈ മലമുകളില്‍ ആരും കയറുത്. വന മേഖലയാണെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. എന്റെ മോന്‍ തെറ്റ് ചെയ്തു അതിന്‍മേല്‍ എനിക്ക് കുറ്റബോധമുണ്ട്. അവനെ ചീത്തപറയും, അടിക്കും, പക്ഷെ അവന്‍ നന്നായതിനു ശേഷം. ഇപ്പോള്‍ അവന്റെ ആരോഗ്യം നോക്കണം-‘ ബാബുവിന്റെ അമ്മ പറഞ്ഞു.