കൊച്ചി: മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ ജീവന് രക്ഷിക്കാന്‍ സൈന്യത്തെ വിളിക്കാന്‍ വൈകിയെന്നാരോപിച്ച് സര്‍ക്കാറിനെ വിമര്‍ശിച്ച്
സംവിധായകന് മേജര്‍ രവി.
ഇങ്ങനെ ഒരു സംഭവം ഉണ്ടായ സമയത്ത് തന്നെ ആര്‍മിയെ വിളിക്കേണ്ടതായിരുന്നെന്നും കോസ്റ്റ് ഗാര്‍ഡിനെ വിളിച്ചവര്‍ ആര്‍മിയെ വിളിക്കാന്‍ തയ്യാറായില്ലെന്നും മേജര്‍ രവി കുറ്റപ്പെടുത്തുന്നു.
‘നിങ്ങള്‍ എല്ലായിടത്തും യോഗ്യത ഇല്ലാത്ത പത്താം ക്ലാസ് പോലും പാസാകാത്തവരെ തിരുകി കയറ്റുന്നുണ്ട്. അത് എന്ത് വേണമെങ്കിലും ചെയ്തോളൂ പിണറായി സഖാവേ.. പക്ഷേ ഈ ദുരന്തനിവാരണ സേനയില്‍ എങ്കിലും തലയില്‍ ആള്‍താമസം ഉള്ളവരെ കുറച്ചെങ്കിലും ബോധം ഉള്ളവരെ നിയമിക്കണം..’ മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മേജര്‍ രവിയുടെ വീഡിയോ.
‘പിണറായി സര്‍ക്കാരിനോട് എനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. നിങ്ങള്‍ പത്താംക്ലാസ് പാസ്സാകാത്തവരെപ്പോലും യൂണിവേഴ്സിറ്റികളിലും മറ്റ് എല്ലായിടത്തും നിയമിക്കുന്നുണ്ട്. അത് എന്ത് വേണമെങ്കിലും ചെയ്തോളൂ. എന്നാല്‍ ഇനിയെങ്കിലും ദുരന്തനിവാരണസേനയില്‍ നിയമനം നടത്തുമ്പോള്‍ തലയ്ക്കകത്ത് കുറച്ചെങ്കിലും ആള് താമസം ഉള്ളവരെ നിയമിക്കണം.
ബാബു ആ മലയില്‍ ഇരിക്കുന്ന രീതി കണ്ടാല്‍ തന്നെ അറിയാം ഹെലികോപ്റ്റര്‍ കൊണ്ടുവന്ന് അവനെ രക്ഷിക്കാന്‍ കഴിയില്ലെന്ന്. എന്നിട്ടും ആര്‍മിയെ വിവരം അറിയിക്കാന്‍ വൈകി. ആ കൊച്ചുപയ്യന് പാലക്കാടിന്റെ ഈ ചൂടും സഹിച്ച് വെള്ളമോ ഭക്ഷണമോ കഴിക്കാതെ ഇത്ര മണിക്കൂറുകള്‍ ഇരുന്നു. അവന്റെ ഭാഗ്യം കൊണ്ട് മാത്രമാണ് പിടിച്ചുനില്ക്കാന് ആയത്. തല കറങ്ങി വീണിരുന്നെങ്കില്‍. ഡ്രോണ്‍ കണ്ടപ്പോള്‍ അവന് വെള്ളം ചോദിക്കുന്നത് കണ്ടു.
ഹെലികോപ്റ്റര്‍ അവന്റെ അടുത്തേക്ക് പറന്നെത്താന്‍ കഴിയില്ല. കാരണം ഒരു മലയുടെ ചരുവിലെ പൊത്തിലാണ് അവന് ഇരിക്കുന്നത്. അപ്പോള്‍ എന്തിനാണ് ഹെലികോപ്റ്റര്‍ വിളിച്ചത്. ഈ സമയം നേരിട്ട് ആര്‍മിയെയോ നേവിയോ വിവരം അറിയിക്കേണ്ടതല്ല. അതാണ് പറഞ്ഞത് കുറച്ച് വിവരവും ബോധവും ഉള്ളവരെ ഈ ദുരന്തനിവാരണ സേനയില്‍ നിയമിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കണം.’ മേജര്‍ രവി പറയുന്നു.
സംസ്ഥാനത്ത് ഒരാള്‍ക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴ ചേറാട് കണ്ടത്. സൈന്യവും എന്‍ഡിആര്‍എഫും ഡ്രോണും എല്ലാം പങ്കാളികളായ 45 മണിക്കൂറുകളിലധികം നീണ്ട ആശങ്കക്കൊടുവില്‍ ബാബുവിനെ മലമുകളിലെത്തിച്ചപ്പോള്‍ സമയം ബുധനാഴ്ച രാവിലെ 10.20. കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായി നിന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വളരെ ശ്രമകരമായിരുന്നു.
എന്നാല്‍ സൈന്യം എത്തിയതോടെ വേഗത്തില്‍ തന്നെ ബാബുവിനെ മുകളിലെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരിക്കുകയാണ്. സമാനതകളില്ലാത്ത രക്ഷാദൗത്യമായിരുന്നു ചേറായിലേത്. ഒരു വലിയ സംഘം തന്നെ ബാബുവിനായുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
കയറുകെട്ടി ബാബുവിനടുത്തെത്തിയ ദൗത്യസംഘത്തിലെ സൈനികന് ബാബുവിന് ആദ്യം വെള്ളം നല്കി. ശേഷം റോപ്പ് ഉപയോഗിച്ച് സൈനികന് ബാബുവിനെ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. 46 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബാബുവിനെ രക്ഷിക്കാനായത്.
Discussion about this post