കൊച്ചി: കർണാടകയിൽ ഹിജാബ് വിവാദം കത്തിക്കയറി നിൽക്കെ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പ്രമുഖ മാധ്യമത്തോടായിരുന്നു അവരുടെ പ്രതികപണം. കർണാടകയിൽ നടക്കുന്നത് ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്. അത് അംഗീകരിക്കാൻ കഴിയില്ല. അതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങൾ വ്യക്തമാണ്. അതേസമയം പ്രായപൂർത്തിയാവാത്ത കുട്ടികളുടെ മനസ്സിൽ മതചിന്തകൾ കുത്തിവെച്ച് പരുവപ്പെടുത്തുന്നതിനോട് തീർത്തും വിയോജിക്കുന്നെന്നും ജസ്ല തുറന്നു പറഞ്ഞു.
ജസ്ല മാടശ്ശേരിയുടെ വാക്കുകൾ;
കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ച് കൊണ്ടല്ല ഇത്തരത്തിലുള്ള ഒരു നിരോധനവും നടപ്പാക്കേണ്ടത്. നിരോധിക്കുകയാണെങ്കിൽ എല്ലാ സ്കൂളുകളിൽ നിന്നും എല്ലാ മതത്തിന്റെ ആചാരങ്ങളും അനാചാരങ്ങളും നിരോധിക്കുകയാണ്. കുട്ടികളെ സംബന്ധിച്ച് മതം എന്നു പറയുന്നത് ഒരാളുടെയും തെരഞ്ഞെടുപ്പല്ല. നമ്മൾ ജനിച്ചു വീഴുന്നത് മുതൽ നമ്മുടെ തലയിലേക്ക് ആരോ കുത്തിവെച്ച് തരുന്നതാണ്. കുട്ടികൾ അതിന്റെ ഇര മാത്രമാണ്.
മതചിഹ്നങ്ങൾ ധരിച്ച് സമൂഹത്തിലിറങ്ങുന്നതിനോട് എനിക്ക് വ്യക്തപരമായി യോജിപ്പില്ല. സ്കൂളുകളിലും കോളേജുകളിലും കുട്ടികൾ ഹിജാബ് ധരിച്ച് വരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരു തരത്തിലുള്ള മത ചിഹ്നങ്ങളും അണിഞ്ഞ് നടക്കുന്നവരോട് യാതൊരു യോജിപ്പുമില്ലാത്തയാളാണ് ഞാൻ. ബുർഖ പോലുള്ള വസ്ത്രങ്ങളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്. ഒരാളുടെ മുഖം ഒരാളുടെ ഐഡന്റിറ്റിയാണ്. ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് ഏറ്റവും വലിയ വൃത്തികേടാണ്. എന്ന് മാത്രമല്ല ഞാൻ നാളെ പുറത്തിറങ്ങുമ്പോൾ എന്റെയടുത്ത് ഇത്തരത്തിൽ വന്നിരിക്കുന്നത് ഗോവിന്ദചാമിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വസ്ത്രം സമൂഹത്തിൽ ഒരുപാട് കണ്ട് വരുന്നുണ്ട്.
കുട്ടികളിൽ കുഞ്ഞുനാൾ മുതൽ കുത്തി നിറയ്ക്കുന്നത് നിർത്തണം. കർണാടകയിൽ ഹൈന്ദവ പഠന ശാലകളും മദ്രസകളും നിരോധിക്കണം. എല്ലാവരുടെ ഉള്ളിലും മതമെന്നത് വലിയ വിഷയമായി കിടക്കുന്നുണ്ട്. ശാസ്ത്ര ബോധം, പരിഷ്തരണ ബോധം, അന്വേഷണ ത്വര എന്നിവയാണ് ചെറുപ്പം മുതൽ കുട്ടികളിൽ വളർത്തേണ്ടത്.
Discussion about this post