പാലക്കാട്: 40 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ മലയിടുക്കിൽ കുടുങ്ങിക്കിടന്ന ബാബുവിനെ തിരികെ ജീവിതത്തിലേയ്ക്ക് കരകയറ്റി ഇന്ത്യൻ സൈന്യം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മലമുകളിലെത്തിച്ച ബാബുവിനെ ഇന്ത്യൻ സൈന്യവും എൻഡിആർഎഫും പോലീസും നാടും കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
#UPDATE | Babu, the youth trapped in a steep gorge in Malampuzha mountains in Palakkad, Kerala has now been rescued. Teams of the Indian Army had undertaken the rescue operation. pic.twitter.com/kymVOLzPCm
— ANI (@ANI) February 9, 2022
ബാബുവിനെ രക്ഷപെടുത്താൻ ഇന്ത്യൻ സൈന്യം നടത്തിയത് സമാനതകളില്ലാത്ത രക്ഷാദൗത്യമാണ്. ബാബു ഇരിക്കുന്നതിന് സമീപം എത്തിയ സൈനികൻ റോപ്പ് ഉപയോഗിച്ചാണ് മുകളിലേയ്ക്ക് ഉയർത്തിയത്. രക്ഷാപ്രവർത്തനത്തിന് ശേഷം സന്തോഷകരമായി എല്ലാവരും കൂടി നിൽക്കുന്ന സെൽഫി ചിത്രവും പുറത്തുവന്നു. ചിത്രം ഇതിനോടകം സോഷ്യൽമീഡിയയിൽ തരംഗമായി കഴിഞ്ഞു.
സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം ബാബുവിനെ വീണ്ടും ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത്. ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച സൈനികൻ തന്റെ ദേഹത്തേക്ക് ഇയാളെ ചേർത്ത് കെട്ടിയിരുന്നു. തുടർന്ന് രണ്ട് പേരെയും സംഘാംഗങ്ങൾ ഒരുമിച്ച് മുകളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. മലയിടുക്കിൽ 200 അടി താഴ്ചയിലാണ് ബാബു കുടുങ്ങി കിടന്നത്.
അതിനാൽ തന്നെ റോപ്പ് ഉപയോഗിച്ച് ഏറെ നേരം എടുത്താണ് മുകളിലേയ്ക്ക് എത്തിക്കാൻ സാധിച്ചത്. അതേസമയം, ബാബുവിൻറെ ആരോഗ്യനിലയിൽ ആശങ്കയ്ക്കിടയില്ലെന്നാണ് വിവരം. 40 മണിക്കൂറിലധികം നേരം ഭക്ഷണമോ വെള്ളമോ ലഭിക്കാത്തതിന്റെ ക്ഷീണവും കാലിനേറ്റ മുറിവുമാണ് ഇപ്പോൾ ബാബുവിനുള്ളതെന്നാണ് വിവരം. ഉടൻ തന്നെ ബാബുവിനെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റും.
Discussion about this post