കോട്ടയ്ക്കൽ; എന്നെ ചതിക്കല്ലേ സാറേ…’, ഇത് റിസോർട്ടിൽ വെച്ച് പോലീസ്ക സ്റ്റഡിയിലെടുക്കുമ്പോൾ വീഡിയോയിൽ കണ്ട ‘പുലി’യുടെ കണ്ണീർ അപേക്ഷയാണ്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയും വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയുമായ തൃശ്ശൂർ പന്തല്ലൂർ പറപ്പൂക്കരയിലെ മച്ചിങ്ങൽ പല്ലൻ ഷൈജു (43) ആണ് പോലീസിനോട് കരഞ്ഞു പറഞ്ഞത്. പല്ലൻ ഷൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
സംസ്ഥാനത്തിനകത്തും പുറത്തും പലയിടങ്ങളിലായി കൊലപാതകം, കുഴൽപ്പണക്കവർച്ച തുടങ്ങിയ കേസുകളിൽ പ്രതിയായ ഷൈജുവിനെ തൃശ്ശൂർ റൂറൽ പോലീസ് ഗുണ്ടാനിയമമായ കാപ്പ ചുമത്തി നേരത്തേ തൃശ്ശൂർ ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു.
തുടർന്ന് മദ്യപിച്ച് സമൂഹമാധ്യമങ്ങളിലെത്തി പോലീസിനെ വെല്ലുവിളിച്ച് വീഡിയോ പങ്കുവെച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് വയനാട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽവെച്ച് മലപ്പുറത്തുനിന്നെത്തിയ പോലീസ് സംഘം തിങ്കളാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്തത്.
2007-ൽ കോട്ടയ്ക്കലിൽ നടന്ന ഒരു കുഴൽപ്പണക്കവർച്ചക്കേസിലാണ് അറസ്റ്റ്. ഈ കേസിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കൊലപാതകം, ദേശീയപാതകളിൽവെച്ചുള്ള കുഴൽപ്പണക്കവർച്ചകൾ, വീടുകയറി ആക്രമണം തുടങ്ങി കേരളം, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ 34 കേസുകളുണ്ടെന്നാണ് റിപ്പോർട്ട്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ വയനാട്ടിൽ നിന്നും പിടികൂടിയത്. വൈദ്യപരിശോധനയിൽ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം കോടതി റിമാൻഡുചെയ്ത പ്രതിയെ മഞ്ചേരി ജയിലിലെ കോവിഡ് പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റും.
കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയെന്ന നിലയിൽ പോലീസിന് തലവേദനസൃഷ്ടിച്ച ഇയാൾ പിന്നീട് സ്വയമൊരു ഗുണ്ടാനേതാവായി മറുകയായിരുന്നു. തൃശ്ശൂർ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെങ്കിലും മറ്റിടങ്ങളിലും എത്തി.
Discussion about this post