കൊച്ചി: വാവ സുരേഷ് പാമ്പ് പിടിത്തക്കാർക്കായുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ്. പരിശീലന പരിപാടിയിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് നേടുന്നവർക്കു മാത്രമേ പാമ്പിനെ പിടിക്കാൻ അനുമതിയുള്ളൂവെന്നും അല്ലാത്തവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി.
വാവാ സുരേഷ് അനുഭവ പരിചയമുള്ള പാമ്പുപിടിത്തക്കാരനാണ്. എന്നാലും വനംവകുപ്പിന്റെ പരിശീലന പരിപാടിയിൽ പങ്കെടുക്കണം. ഇതിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് നേടിയാലേ പാമ്പിനെ പിടിക്കാനാവൂ. അല്ലാത്തവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാനാവുമെന്ന് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ വൈ മുഹമ്മദ് അൻവർ പറഞ്ഞു.
21 മുതൽ 65 വയസ്സുവരെ പ്രായമുള്ളവർക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാനാവൂക. ഒറ്റ ദിവസമാണ് പരിശീലനം. അഞ്ചു വർഷത്തേക്കാണ് സർട്ടിഫിക്കറ്റ് നൽകുക. ശരിയല്ലാത്ത നടപടികളിൽ ഏർപ്പെടുന്നുവെന്നു കണ്ടാൽ വകുപ്പ് സർട്ടിഫിക്കറ്റ് റദ്ദാക്കും.
പ്രളയത്തിനു ശേഷം പാമ്പ് പിടിത്തക്കാർക്ക് ആവശ്യം ഏറിയതോടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് പരിശീലന പരിപാടി ആരംഭിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ 1650 പേർക്കാണ് പരിശീലനം നൽകിയത്. ഇതിൽ 928 പേർ പാമ്പ് പിടിത്തത്തിൽ സന്നദ്ധ സേവകരായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കു പാമ്പ് കടിയേറ്റാൽ ഒരു ലക്ഷം രൂപ വരെ ആശുപത്രി ചെലവായി നൽകും. മരിച്ചാൽ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.
ഇതിനിടെ വാവ സുരേഷിന് വീട് നിർമ്മിച്ച് നൽകുമെന്ന് സിപിഎം വ്യക്തമാക്കി. അഭയം ചാരിറ്റബിൾ സൊസൈറ്റിയാണ് വീട് നിർമ്മിച്ച് നൽകുകയയെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സുരേഷ് ഇന്നാണ് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു.
Discussion about this post