തിരുവനന്തപുരം: കത്തിമുന വിനീതയുടെ ജീവനെടുത്തപ്പോള്‍ ജീവിത വഴിയില്‍ ഇനി തനിച്ചാണ് അനന്യയും അക്ഷയ്കുമാറും. അച്ഛന്‍ അപ്രതീക്ഷിതമായി വിടപറഞ്ഞപ്പോള്‍ അമ്മത്തണലില്‍ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു അമ്മയും മക്കളും അടങ്ങുന്ന കുടുംബം.
ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ(38) അമ്പലമുക്കിലെ ചെടി വില്‍പനശാലായ ടാബ്സ് ഗ്രീന്‍ടെകിനുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട വിനീതയെ 11 മണിവരെ കടയുടെ പുറത്തു കണ്ടവരുണ്ട്. ഇതിന് ശേഷം ആരും ഇവരെ കണ്ടിട്ടില്ല. പിന്നീട് കൊലപാതക വാര്‍ത്തയാണ് പുറത്ത് വന്നത്.
വിനീതയുടെ ഭര്‍ത്താവ് പഴകുറ്റിയിലെ ബേക്കറിയില്‍ ജീവനക്കാരന്‍ ആയിരുന്ന പത്തനംതിട്ട ഗവി സ്വദേശി സെന്തില്‍ കുമാര്‍ രണ്ട് വര്‍ഷം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. വിനീതയുടെ പിതാവിന്റെയും മാതാവിന്റെയും തണലില്‍ ആണ് മക്കളുടെ ജീവിതയാത്ര.
സെന്തില്‍ കുമാറിന്റെ മരണ ശേഷം വിനീതയുടെ പിതാവ് വിജയന്‍ സെക്യൂരിറ്റി ജോലിക്ക് പോയാണ് കുടുംബത്തെ സംരക്ഷിച്ചത്. 9 മാസം മുന്‍പാണു വിനീതയും ജോലിക്ക് ഇറങ്ങിയത്. കരുപ്പൂര്‍ ഗവ.ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും എസ്പിസി അംഗവുമാണ് അക്ഷയ് കുമാര്‍. അനന്യ നെടുമങ്ങാട് ഗവ.യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയും. അനന്യയുടെയും അക്ഷയ് കുമാറിന്റെയും പഠന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു
അതേസമയം, വിനീത കൊല്ലപ്പെട്ടത് മോഷണ ശ്രമത്തിനിടെ അല്ലെന്ന് പോലീസ് വ്യക്തമാക്കി. മൂര്‍ച്ചയേറിയ ആയുധം കൊണ്ടു കഴുത്തിനേറ്റ കുത്താണു മരണകാരണമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കടയില്‍ സൂക്ഷിച്ചിരുന്ന അര ലക്ഷത്തോളം രൂപയും വിനീതയുടെ ബാഗിലുണ്ടായിരുന്ന ഇരുപത്തയ്യായിരത്തോളം രൂപയും നഷ്ടപ്പെട്ടിട്ടില്ല. ഇതാണു മോഷണശ്രമമല്ല കൊലയ്ക്കു പിന്നിലെന്നു പോലീസ് കരുതാന്‍ കാരണം.
ആക്രമണം തടയുന്നതിനിടെ ഉണ്ടായ ചില മുറിവുകളും ചതവുകളും ശരീരത്തില്‍ കണ്ടെത്തിയിരുന്നു. വിനീത ധരിച്ചിരുന്ന 4 പവന്റെ സ്വര്‍ണമാല കാണാനില്ലെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.
സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞയാളുടെ ദൃശ്യം പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് നിര്‍ണായക കണ്ടെത്തല്‍. ഞായറാഴ്ച രാവിലെ 11 മണിയോടെ കടയിലേക്ക് ഒരാള്‍ കയറിപ്പോകുന്നതും തുടര്‍ന്ന് 20 മിനിറ്റിനുള്ളില്‍ ഇയാള്‍ പുറത്തുപോകുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
കടയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഇയാളുടെ കൈയില്‍ മുറിവേറ്റിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങി. കൈയില്‍ മുറിവേറ്റിട്ടുണ്ടെങ്കില്‍ അത്തരമൊരാളെ തിരിച്ചറിയാന്‍ എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന് ശേഷം ഉച്ചവരെ കടയിലേക്ക് മറ്റാരും വന്നിട്ടില്ല. അതിനാല്‍ വിനീതയെ അവസാനമായി ജീവനോടെ കണ്ടയാള്‍ ഇയാളാകുമെന്നാണ് നിഗമനം.
ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് നഴ്‌സറിയില്‍ ചെടി വാങ്ങാനെത്തിയവര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിച്ചു. തുടര്‍ന്ന് ഉടമ പലതവണ വിനീതയെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെ സംശയം തോന്നി മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഈ ജീവനക്കാരിയാണ് മൃതദേഹം കണ്ടത്.
അവധി ദിവസമായ ഞായറാഴ്ച വിനീത ചെടികള്‍ നനയ്ക്കാനെത്തുമെന്ന് അറിയാവുന്ന ആരെങ്കിലുമായിരിക്കാം കൃത്യത്തിന് പിന്നിലെന്ന സംശയവും പോലീസിനുണ്ട്.
മാത്രമല്ല, വിനീത ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു. രാവിലെ 11 മണിയോടെ മകളുടെ സഹപാഠിയുടെ അമ്മയെ വിനീത അങ്ങോട്ടു ബന്ധപ്പെട്ടതാണ് കോള്‍ ലിസ്റ്റിലെ അവസാന നമ്പര്‍. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
ഈ ഒന്നര മണിക്കൂറിനിടെയായിരിക്കണം കൊലപാതകമുണ്ടായതെന്നാണ് കണക്കുകൂട്ടല്‍. പ്രതി വിനീതയ്ക്കു പരിചയമുള്ള ആളാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
Discussion about this post