പറവൂർ: ചുവന്ന നാടയിൽ കുരുങ്ങി കിടന്ന തന്റെ നാല് സെന്റ് ഭൂമിയെ കുറിച്ചുള്ള ആധിയിൽ ജീവൻ പൊലിഞ്ഞ സജീവന്റെ വീട്ടിലെത്തി ജില്ലാകളക്ടർ ജാഫർ മാലിക്. നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടർന്ന് ജീവനൊടുക്കിയ സജീവന്റെ വീട്ടിൽ ഭൂമി തരംമാറ്റിയതിന്റെ രേഖകളുമായാണ് കളക്ടർ എത്തിയത്.
മാല്യങ്കര കോഴിക്കൽ സജീവന്റെ വീട്ടിൽ നേരിട്ട് എത്തി ബന്ധുക്കൾക്ക് കളക്ടർ രേഖ കൈമാറി. ഞായറാഴ്ച റവന്യു മന്ത്രി വീട്ടിലെത്തി തരംമാറ്റ രേഖ ഉടനടി വീട്ടിലെത്തിക്കുമെന്ന് പറഞ്ഞിരുന്നു.
നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ വൈകിയതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടോ എന്നതടക്കമുള്ളവ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി കെ രാജൻ ഉറപ്പു നൽകിയിരുന്നു.
ബാധ്യത തീർക്കാൻ ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുക്കാനാണ് സജീവൻ തരംമാറ്റത്തിനായി അപേക്ഷിച്ചത്. ഒരു വർഷത്തിലേറെ ഓഫീസ് കയറിയിറങ്ങിയിട്ടും ഇത് നടക്കാത്ത വിഷമത്തിൽ കഴിഞ്ഞ ബുധനാഴ്ച തൂങ്ങിമരിക്കുകയായിരുന്നു. സജീവന്റെ മരണത്തിലുള്ള ദുഃഖം കളക്ടർ ബന്ധുക്കളെ അറിയിച്ചു.
Discussion about this post