വാരനാട്: ശബ്ദമില്ലാത്ത ജീവിതത്തില്‍ ഒന്നായി സോനുവും ആര്യയും.
ചേര്‍ത്തല വാരനാട് മണലേല്‍ പരേതനായ തമ്പിയുടെയും നിര്‍മലയുടെയും മകന്‍ സോനു തമ്പിയും. ആര്‍പ്പൂക്കര കൈപ്പുഴമുട്ട് മഞ്ചാടിക്കരിയില്‍ പീടികപ്പറമ്പില്‍ നന്ദനന്റെയും മിനിയുടെയും മകള്‍ ആര്യയുമാണ് ഒരുമിച്ച് ജീവിതയാത്ര ആരംഭിക്കുന്നത്.
ജന്മനാ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്തവരാണ് ഇരുവരും. ഇവരുടെ വിവാഹത്തിന് ചിത്രങ്ങള്‍ എടുക്കാനെത്തിയ ഫൊട്ടോഗ്രഫര്‍ കോട്ടയം സ്വദേശി അനീഷും ബധിരനും മൂകനുമാണ്. വിവാഹത്തിന് ആശീര്‍വാദവുമായി ബധിര, മൂക കൂട്ടായ്മയിലെ സുഹൃത്തുക്കളും എത്തിയിരുന്നു.
വോളിബോള്‍ താരമാണ് സോനു, പഠനമെല്ലാം സ്‌പെഷല്‍ സ്‌കൂളിലായിരുന്നു. കേരളത്തിനായി ചെന്നൈ, റാഞ്ചി തുടങ്ങിയ സ്ഥലങ്ങളില്‍ കളിച്ചിട്ടുണ്ട്. സ്വകാര്യ ബാങ്കില്‍ ജോലി ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ പോകുന്നതിന് അവധി എടുത്തതിനാല്‍ ജോലി നഷ്ടപ്പെട്ടു. സഹോദരീഭര്‍ത്താവ് വിജയകുമാറിനൊപ്പം വെല്‍ഡിങ് ജോലി ചെയ്യുകയാണ് ഇപ്പോള്‍.
തന്റെ സമാന അവസ്ഥയുള്ള വധുവിനെ മതിയെന്ന സോനുവിന്റെ തീരുമാനമാണ് ആര്യയിലേക്ക് എത്തിയത്.