തിരുവനന്തപുരം: വാവ സുരേഷിന് പുതിയ വീടെന്ന സ്വപ്‌നം സിപിഎം യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നല്‍കുകയെന്നും വാസവന്‍ പറഞ്ഞു.
പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിടുന്ന സമയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു. ഈ അവസരത്തിലാണ് മന്ത്രി ഇക്കാര്യം അറിയച്ചത്. ജനങ്ങളുടെ പ്രാര്‍ഥന മൂലമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഓല മേഞ്ഞ ഒരു പഴയ വീട്ടില്‍ ആണ് വാവ സുരേഷ് ഇപ്പോള്‍ താമസിക്കുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഒരു പുതിയ വീട് വെച്ച് നല്‍കാന്‍ തീരുമാനിച്ചത്. സാധാരണ കിട്ടുന്ന പണം എല്ലാം മറ്റുള്ളവര്‍ക്ക് സഹായത്തിനു നല്‍കുന്ന രീതി ആണ് വാവ സുരേഷിന്. വീട് വെച്ച് നല്‍കുന്നത് അടക്കം എല്ലാ സഹായവും അദ്ദേഹം നിരസിച്ച ചരിത്രം ആണ് ഉള്ളത്. പക്ഷെ ഈ സഹായം സ്വീകരിക്കാന്‍ അദ്ദേഹം തയാറായി. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉള്ള കോട്ടയം അഭയം ചാരിറ്റബിള്‍ ട്രസ്റ്റ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയുമായി സഹകരിച്ചാണ് വീട് നിര്‍മിക്കുക എന്നും വാസവന്‍ പറഞ്ഞു.
തന്റെ ജീവന്‍ രക്ഷിക്കാന്‍ മന്ത്രി വി.എന്‍ വാസവന്‍ നല്‍കിയ ഇടപെടല്‍ പരിഗണിച്ചാണ് സഹായം സ്വീകരിക്കുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. മന്ത്രി വാസവന്‍ തനിക്ക് ദൈവത്തെ പോലെ ആണ്. ലോകത്ത് ഒരു മന്ത്രിയും ഇങ്ങനെ കാണില്ല. ഗുരുതരാവസ്ഥയില്‍ ആയപ്പോള്‍ തനിക്ക് സ്വകാര്യ ആശുപത്രിയില്‍ നിന്ന് എസ്‌കോര്‍ട്ട് വരാന്‍ പോലും മന്ത്രി തയ്യാറായി എന്നും സുരേഷ് ചൂണ്ടിക്കാട്ടി.
ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിന് കഴിഞ്ഞ ദിവസങ്ങളിലാണ് ഓര്‍മശക്തിയും സംസാരശേഷിയും തിരിച്ചുകിട്ടിയത്. ഇത് രണ്ടാം ജന്മമാണെന്നും അവസരോചിതമായി എല്ലാവരും ഇടപെട്ടതു കാരണമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും വാവ സുരേഷ് പറഞ്ഞു.
അതേസമയം, അപകടം പറ്റി കിടക്കുമ്പോള്‍ പലരും തനിക്കെതിരെ പലരും ക്യാമ്പെയിന്‍ നടത്തിയെന്നും വാവ സുരേഷ് പറഞ്ഞു. ശാസ്ത്രീയമായി പാമ്പുപിടിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു രീതിയും പൂര്‍ണമായും സുരക്ഷിതമല്ലെന്നും പാമ്പ് പിടിത്തം നിര്‍ത്തുമോ എന്ന ചോദ്യത്തിന് ജീവിതാവസാനം വരെ പാമ്പുപിടിത്തക്കാരനായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വാവ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടയില്‍ വാവ സുരേഷിന് കടിയേറ്റത്. ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍വെച്ച് വൈകിട്ട് 4.30-ഓടെയായിരുന്നു സംഭവം. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ സുരേഷിന്റെ വലതുതുടയില്‍ മൂര്‍ഖന്‍ അപ്രതീക്ഷിതമായി കടിക്കുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.