പ്രാര്‍ഥനകള്‍ സഫലം: വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു

കോട്ടയം: ആയിരങ്ങളുടെ പ്രാര്‍ഥന ഫലം കണ്ടു, മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. വാവ സുരേഷിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ജനലക്ഷങ്ങള്‍ക്ക് ആശ്വാസത്തിന്റെ ദിനമാണ് ഇന്ന്.

പാമ്പുകടിയേറ്റതിന് പിന്നാലെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് ഏഴാം ദിവസമാണ് ആരോഗ്യം വീണ്ടെടുത്ത് വീട്ടിലേക്ക് മടങ്ങുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ മികച്ച ചികിത്സാ രീതികളാണ് വാവ സുരേഷിനെ പ്രതീക്ഷിച്ചതിലും വേഗം ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്.

തന്റെ ആരോഗ്യത്തിനും തിരിച്ചുവരവിനും വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് സുരേഷ് ആശുപത്രിക്കിടക്കയില്‍ നിന്നുതന്നെ സംസാര ശേഷി തിരിച്ചുകിട്ടിയപ്പോള്‍ തന്നെ നന്ദി അറിയിച്ചിരുന്നു. ഇനി വേണ്ട കരുതലുകളോടും മുന്നൊരുക്കങ്ങളോടും കൂടിയായിരിക്കും പാമ്പുപിടിത്തമെന്നും അദ്ദേഹം മന്ത്രി വിഎന്‍ വാസവന്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇനി കുറച്ചുനാള്‍ സുരേഷ് വിശ്രമത്തിലായിരിക്കും എന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

ആറു ദിവസത്തിന് ശേഷമാണ് ആരോഗ്യവാനായി വാവ സുരേഷ് ഇന്ന് വീട്ടിലേക്ക് മടങ്ങുന്നത്. നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ല. കടിയേറ്റിടത്തെ മുറിവ് ഉണങ്ങാനുള്ള ആന്റി ബയോട്ടിക്കുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്ന് ദിവസത്തിലേറെയായി ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയെ മൂര്‍ഖനെ പിടികൂടാനായിരുന്നു ജനുവരി 31ന് വാവാ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിയേല്‍ക്കുകയായിരുന്നു.

നാല് തവണ പാമ്പ് ചാക്കില്‍ നിന്നും പുറത്തു കടന്നു. അഞ്ചാം തവണയും ചാക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്. കടിയേറ്റിട്ടും കൈയ്യില്‍ നിന്നും പിടിവിട്ടു പോയ പാമ്പിനെ പിടിച്ച ശേഷം, മുറിവിലെ രക്തം ഞെക്കിക്കളഞ്ഞ് പ്രാഥമിക ശ്രുശൂഷ സ്വയം നടത്തിയ ശേഷമാണ് സുരേഷ് ആശുപത്രിയിലേക്ക് പോയത്.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20% മാത്രമായിരുന്നു. മന്ത്രി വിഎന്‍ വാസവന്‍ ഇടപെട്ട് പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോള്‍ നില അതീവ ഗുരുതരമായിരുന്നു. മരണത്തിന്റെ വക്കില്‍ നിന്നാണ് ഡോക്ടര്‍മാര്‍ വാവ സുരേഷിനെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തുന്നത്. 6 ഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ധ സംഘമാണ് സുരേഷിനെ പരിചരിച്ചത്.

ചികിത്സാ വേളയില്‍ വാവ സുരേഷിന് നല്‍കിയത് 65 കുപ്പി ആന്റിവെനമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പാമ്പ് കടിയേറ്റ ആള്‍ക്ക് ആദ്യമായാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇത്രയധികം ആന്റിവെനം നല്‍കുന്നത്. മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി ചികിത്സയ്ക്കായി പരമാവധി 25 കുപ്പിയാണ് നല്‍കാറുള്ളത്. എന്നാല്‍ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്നാണ് ഇത്രയധികം ഡോസ് കുത്തിവെച്ചത്. ശരീരത്തില്‍ പാമ്പിന്‍ വിഷം കൂടുതല്‍ പ്രവേശിച്ചതു മൂലമാണ് ഇത്രയധികം ഡോസുകള്‍ നല്‍കേണ്ടി വന്നതെന്ന് പിന്നീട് അധികൃതര്‍ വിശദീകരിച്ചു.

Exit mobile version