വടകര: തലകറങ്ങി ട്രെയിനിൽ നിന്നും വീണ യുവതിക്ക് രക്ഷകനായി മിൻഹത്ത് എന്ന ചെറുപ്പക്കാരൻ. വീഴാൻ നേരം പിടിച്ചിട്ടും കൈവഴുതി ട്രെയിനിൽ നിന്നും വീണ യുവതിക്ക് വേണ്ടി ട്രെയിൻ ചങ്ങല വലിച്ച് നിർത്തി പുറകിലേയ്ക്ക് ഓടിയാണ് മിൻഹത്ത് തുണയായത്. കുയ്യാൽ മീത്തൽ ഹമീദിന്റെയും നസീമയുടെയും മകനാണ് മിൻഹത്ത്.
കഴിഞ്ഞ ദിവസം പട്ടാമ്പിക്കു സമീപം പരശുരാം എക്‌സ്പ്രസിൽനിന്ന് തലകറങ്ങി പുറത്തേക്ക് തെറിച്ചുവീണ കോട്ടയം സ്വദേശിനി ജീഷ്ണയാണ് മിൻഹത്തിന്റെ ധൈര്യത്തിൽ ജീവിതത്തിലേയ്ക്ക് കയറി വന്നത്. ‘ഇപ്പോൾ അപകടനിലയെല്ലാം തരണം ചെയ്‌തെന്ന് സഹോദരങ്ങൾ വിളിച്ചുപറഞ്ഞിരുന്നു… കുറേ നന്ദിയൊക്കെ പറഞ്ഞു… ‘- തന്റെ പരിശ്രമം വെറുതെയായില്ലെന്നതിൽ സന്തോഷമെന്ന് മിൻഹത്ത് പറഞ്ഞു.
വടകര പതിയാരക്കരയിലെ കുയ്യാൽമീത്തൽ മിൻഹത്ത് എൻജിനിയറിങ് ബിരുദധാരിയാണ്. എറണാകുളത്തുപോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം നടന്നത്. പട്ടാമ്പിക്ക് അടുത്തെത്തുമ്പോൾ ശൗചാലയത്തിലേക്ക് പോകുന്നതിനിടെയാണ് ജീഷ്ണ തലകറങ്ങി പുറവീണത്. ഈ സമയം തൊട്ടടുത്തായി മിൻഹത്തുമുണ്ടായിരുന്നു. പുറത്തേക്ക് തെറിച്ച ഉടൻ മിൻഹത്ത് ജീഷ്ണയെ പിടിക്കാനായി ആഞ്ഞു. എന്നാൽ പിടികിട്ടിയില്ല.
ഷാളിലോ മറ്റോ കുടുങ്ങി മിൻഹത്തിന്റെ നഖം മുറിഞ്ഞു. പെട്ടെന്നുതന്നെ സമനില വീണ്ടെടുത്ത മിൻഹത്ത് അപായച്ചങ്ങല വലിച്ച് തീവണ്ടി നിർത്തിക്കുകയായിരുന്നു. തീവണ്ടിക്കുള്ളിലൂടെതന്നെ ഒരുകുട്ടി വീണിട്ടുണ്ടെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് പിറകിലേക്ക് ഓടി. ജീഷ്ണ വീണ സ്ഥലം തീവണ്ടി പിന്നിട്ടിട്ടുണ്ടായിരുന്നില്ല. കണ്ടയുടൻ ജീഷ്ണയെ വാരിയെടുത്ത് തീവണ്ടിയിലേക്ക് കൊണ്ടുവന്നു. തീവണ്ടിയിലെ മറ്റുയാത്രക്കാരും സഹായത്തിനായി ഒപ്പംകൂടി. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിക്കാൻ വാഹനം വേണമെന്ന് പറഞ്ഞു.
തീവണ്ടിയിൽത്തന്നെ പട്ടാമ്പി സ്റ്റേഷനിലെത്തിച്ച് അവിടെനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് ചിലർ പറഞ്ഞെങ്കിലും സമയം വൈകിച്ചാൽ ജീവൻ തന്നെ നഷ്ടപ്പെട്ടേയ്ക്കാമെന്ന് മനസിലാക്കിയ മിൻഹത്ത് സമീപത്തെ ഒരു ക്വാർട്ടേഴ്‌സ് മുറ്റത്ത് കാർ നിർത്തിയിട്ടതുകണ്ട് അങ്ങോട്ടേക്കുപോയി. കാറിന്റെ ഉടമയോട് സംഭവം പറഞ്ഞപ്പോൾ പെട്ടെന്നുതന്നെ അദ്ദേഹം കാറുമായി വന്നു. ഇതിനിടെ മിൻഹത്ത് ജീഷ്ണയുടെ ഫോണിൽ ബന്ധപ്പെട്ട് ആരുടെയെങ്കിലും നമ്പർകിട്ടുമോ എന്നുനോക്കി.
ലോക്കായതിനാൽ തുറക്കാൻ സാധിച്ചിരുന്നില്ല. ഈ സമയം, ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചപ്പോൾ അവരിൽനിന്ന് സഹോദരന്റെ നമ്പർ വാങ്ങി വിവരം അറിയിച്ചു. അപ്പോഴേക്കും മറ്റുള്ളവർ കാറിൽ ജീഷ്ണയെ ആശുപത്രിയിലെത്തിച്ചു. പട്ടാമ്പി ആർ.പി.എഫിൽ ബാഗും ഫോണുമെല്ലാം മിൻഹത്ത് ഏൽപ്പിക്കുകയും ചെയ്തു. നെറ്റിയിലാണ് ജീഷ്ണയ്ക്ക് മുറിവേറ്റത്. നല്ല രീതിയിൽ രക്തം പോകുന്നുണ്ടായിരുന്നു. പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതാണ് ജീവന് രക്ഷയായത്.