ഗാന്ധിനഗർ: മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലെത്തി. വാർഡിലേക്ക് മാറ്റിയ സുരേഷ് ഇപ്പോൾ നിരീക്ഷണത്തിലാണ് കഴിയുന്നത്.
‘ഇത് രണ്ടാം ജന്മം. പലതവണ പാമ്പുകടിയേറ്റിട്ടുണ്ടെങ്കിലും ഇത്തവണ മരിച്ചുപോകുമെന്നാണ് കരുതിയത്. എന്നാൽ, അത്ഭുതകരമായി വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തി. ജീവൻ തിരിച്ചുകിട്ടിയതിൽ നിരവധിപേരുടെ പ്രാർഥനയുണ്ട’- വാവ സുരേഷ് പറഞ്ഞു.
പാവപ്പെട്ടവർ വിളിച്ചാൽ ഇനിയും പാമ്പ് പിടിക്കാൻ പോകും. മുൻകരുതൽ എടുക്കണമെന്ന് മന്ത്രിയടക്കം പലരും പറഞ്ഞു. അത്തരം കാര്യങ്ങളിലും ശ്രദ്ധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിനിടെ വാവ സുരേഷിന് സ്വന്തമായി കിടപ്പാടം ഒരുങ്ങുകയാണ്. അദ്ദേഹത്തിന് വീടുവെച്ച് നൽകാൻ സന്നദ്ധത അറിയിച്ച് വ്യവസായി രംഗത്തെത്തി. ഇത് സുരേഷ് അംഗീകരിച്ചിട്ടുണ്ട്. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടൽ ശൃംഖലയായ സംഗീത ഗ്രൂപ് ഉടമയാണ് വീട് വെച്ചുകൊടുക്കാൻ സന്നദ്ധത അറിയിച്ചത്. സുരേഷിന്റെ കുടുംബ ഓഹരിയായ നാലര സെൻറ് ഭൂമിയിലാകും വീട് നിർമ്മിച്ചുനൽകുക.