കള്ളുഷാപ്പിൽ കയറി കരിമീൻ മപ്പാസും താറാവു കറിയും ഉൾപ്പടെ 1000രൂപയ്ക്ക് ഭക്ഷണം കഴിച്ചു; പണം നൽകാതെ മുങ്ങി! നാട്ടുകാർ ഓടിച്ചിട്ടു പിടിച്ചു

കുമരകം: കള്ളുഷാപ്പിൽ കയറി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ കടന്നു കളഞ്ഞ രണ്ടുപേരെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. കുമരകം കണ്ണാടിച്ചാലിനു സമീപത്തെ ഷാപ്പിലാണു സംഭവം. ഇന്നലെ ഉച്ചയോടെ 2 പേർ ഷാപ്പിലെത്തി.

ഇവിടുത്തെ പ്രത്യേക മുറിയിൽ ഇരുന്നു കരിമീൻ മപ്പാസും താറാവു കറിയും ഉൾപ്പെടെ ആയിരത്തിലേറെ രൂപയുടെ ഭക്ഷണമാണ് കഴിച്ചത്. കാർ ഓടിച്ചിരുന്ന ആൾ ആദ്യം കൈ കഴുകി കാറിലിരുന്നു. ഷാപ്പിലെ ജീവനക്കാരൻ ബില്ലെടുക്കാൻ പോയ സമയം നോക്കി രണ്ടാമത്തെ ആളും കൈ കഴുകി കാറിൽ കയറി.

ബില്ലുമായി വന്ന ജീവനക്കാരൻ കാർ വിട്ടു പോകുന്നതാണ് കണ്ടത്. ഉടനടി, സമീപത്തെ താറാവു കടക്കാരനോടു വിവരം പറഞ്ഞു. കാർ തടയാൻ നോക്കിയെങ്കിലും വെട്ടിച്ചു കടന്നു പോയി. ഇതേത്തുടർന്ന് ജീവനക്കാർ ബൈക്കിൽ പിന്നാലെ വിട്ടു. ഇല്ലിക്കൽ ഷാപ്പിലെ ജീവനക്കാരെയും പരിചയക്കാരെയും ഫോണിൽ വിളിച്ചു വിവരം പറയുകയും ചെയ്തു.

യാത്രക്കാരന്‍ കുഴഞ്ഞുവീണു: സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ബസ് നേരെ ആശുപത്രിയിലേക്ക് പാഞ്ഞു, കണ്ണന്റെ ജീവന്‍ കാത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ നന്മ

കാർ ഇല്ലിക്കൽ എത്തിയപ്പോഴേക്കും നാട്ടുകാർ തടഞ്ഞു. ഷാപ്പിലെ ജീവനക്കാരെത്തി പണം ചോദിച്ചെങ്കിലും പണം നൽകാൻ ആദ്യം തയാറായില്ല. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഇരുവരെയും സ്റ്റേഷനിലേക്കു കൊണ്ടു പോയി. പിന്നീട് ഗൂഗിൾ പേ വഴി പണം ഷാപ്പ് ഉടമയ്ക്കു നൽകുകയും ചെയ്തു.

Exit mobile version