ആലപ്പുഴയുടെ മരുമകളായി ലിത്വാനക്കാരി ക്രിസ്റ്റീന. സിപിഎം തുമ്പോളി ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ ജോണ്‍സണിന്റെ ജീവിതസഖിയായി ക്രിസ്റ്റീന.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്രിസ്റ്റീന ആലപ്പുഴയയിലെത്തിയപ്പോഴാണ് ജോണ്‍ണുമായി പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി. കോവിഡ് കാലത്ത് ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ ഇല്ലാതിരുന്നതിനാല്‍ നേപ്പാളില്‍വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ക്രിസ്റ്റീന നേപ്പാളില്‍ എത്തും. ജോണ്‍സന്‍ റോഡ് മാര്‍ഗം അവിടെയെത്തി കൂടിക്കാണും. രണ്ടുവര്‍ഷം മുന്‍പ് നേപ്പാളില്‍വച്ചുതന്നെയാണ് വിവാഹം കഴിക്കാനുള്ള തീരുമാനം എടുത്തതും മോതിരം കൈമാറിയതും.
വിവിധ രാജ്യങ്ങളില്‍ വിദ്യാഭ്യാസ, സാമൂഹ്യപ്രവര്‍ത്തന മേഖലകളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ക്രിസ്റ്റീന നാല്‍പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അടുത്തിടെ നാട്ടിലെത്തിയ ക്രിസ്റ്റീന കാഞ്ഞിരംചിറയില്‍ ജോണ്‍സന്‍ വാടകയ്‌ക്കെടുത്ത് നടത്തുന്ന ഹോം സ്റ്റേയിലാണ് താമസിക്കുന്നത്. പ്രദേശത്തുള്ള കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട് ക്രിസ്റ്റീന. ഒപ്പം ഉപേക്ഷിക്കപ്പെട്ട നായ്കുട്ടികളുടെ പരിപാലനവും.
വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ ഇരുവരും അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ക്രിസ്റ്റീനയുടെ മാതാപിതാക്കളും ബന്ധുക്കളും വിവാഹത്തിനെത്തും. വിവാഹശേഷം എന്തുവേണമെന്ന് തീരുമാനിച്ചിട്ടില്ല. ജോണ്‍സണുമൊത്ത് ആഫ്രിക്കയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തണമെന്നാണ് ക്രിസ്റ്റീനയുടെ ആഗ്രഹം.