കോട്ടയം: ഭര്‍ത്താവിന് സ്ഥിരമായി ഭക്ഷണത്തില്‍ മാനസികരോഗത്തിനുള്ള മരുന്ന് നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ സ്വത്ത് തര്‍ക്കമെന്ന്
മീനച്ചില്‍ പാലാക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷിനെയാണ് (36) ആണ് ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ പരാതിയില്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
‘ഞങ്ങള്‍ക്കൊന്നും തരത്തില്ല, എല്ലാം അയാളുടെ വീട്ടുകാര്‍ക്കും സഹോദരങ്ങള്‍ക്കും കൊടുക്കും’ എന്നാണ് യുവതി നല്‍കിയ മൊഴിയെന്ന് പോലീസ് പറഞ്ഞു. ആശയും അവരുടെ വീട്ടുകാരും ചേര്‍ന്ന് തന്നെ ഇല്ലാതാക്കി താന്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയ ബിസിനസും സ്വത്തും തട്ടിയെടുക്കാനാണ് ശ്രമിച്ചതെന്ന് ഭര്‍ത്താവായ സതീഷും പോലീസിനോട് പറഞ്ഞിട്ടുണ്ട്.
താന്‍ ഇല്ലാതായാല്‍ തന്റെ സ്വത്തിന് വേണ്ടി തിരുവനന്തപുരത്തുനിന്ന് ആരും വരില്ലെന്നാണ് അവര്‍ കരുതിയതെന്നും ഇയാള്‍ പറയുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നാണ് പോലീസിന്റെ പ്രതികരണം.
ഭര്‍ത്താവ് കുറച്ചുദിവസം വീട്ടില്‍വരാത്ത ദിവസം ആശ മരുന്ന് ഓഫീസിലെത്തിച്ചും ഭര്‍ത്താവിന് വെള്ളത്തില്‍ കലര്‍ത്തി നല്‍കിയിട്ടുണ്ടെന്ന് പാലാ എസ്എച്ച്ഒ പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. യുവതി ഭര്‍ത്താവിന് മരുന്ന് നല്‍കിയിരുന്നുവെന്ന കാര്യം വ്യക്തമാണ്. ഇനി ഇതുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്.
മാനസികരോഗികള്‍ക്ക് നല്‍കുന്ന നല്ല വീര്യംകൂടിയ മരുന്നാണ് യുവതി പതിവായി നല്‍കിയിരുന്നത്. യുവതിക്ക് മരുന്ന് നല്‍കിയ ആളില്‍നിന്നടക്കം മൊഴിയെടുത്തിട്ടുണ്ട്. മുന്‍കാല പരിചയമുള്ളതിനാലാണ് ഡോക്ടറുടെ കുറിപ്പടി ഇല്ലാതിരുന്നിട്ടും യുവതിക്ക് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് ലഭിച്ചത്. ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
മരുന്നിന്റെ സൈഡ് എഫ്ക്ട്സും മറ്റും അറിയാന്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം മേധാവിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും എസ്എച്ച്ഒ വിശദീകരിച്ചു.
ഭര്‍ത്താവായ സതീഷിനെ മരുന്ന് നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ആശയെ കഴിഞ്ഞദിവസം പാലാ പോലീസ് അറസ്റ്റ് ചെയ്തത്. 2006-ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സതീഷ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. സതീഷിന്റെ മുറപ്പെണ്ണാണ് ആശ.
അതിനു ശേഷം പാലായിലെ ഭാര്യവീട്ടിലും വാടക വീട്ടിലുമായിരുന്നു താമസം. തുടക്കത്തില്‍ കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നെങ്കിലും യുവാവ് ഐസ്‌ക്രീം ബിസിനസിലേക്ക് കടന്നതോടെ ജീവിതം പച്ചപിടിച്ചു. ബിസിനസില്‍ ലാഭം ഉയര്‍ന്നതോടെ 2012-ല്‍ യുവാവ് പാലാക്കാട്ട് സ്വന്തമായി വീട് വാങ്ങി കുടുംബസമേതം അങ്ങോട്ടേക്ക് താമസം മാറി. വിവാഹം കഴിഞ്ഞ് കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യ നിസ്സാരകാര്യങ്ങള്‍ക്ക് വഴക്കിട്ടിരുന്നതായും യുവാവിന്റെ പരാതിയില്‍ പറയുന്നു.
സതീഷ് വീട്ടില്‍ വരാതിരുന്ന ദിവസങ്ങളില്‍ ആശ ഐസ്‌ക്രീം കമ്പനിയിലെ കൂജയില്‍ മറ്റൊരാള്‍ വഴി മരുന്ന് എത്തിച്ചു കലര്‍ത്തി. കൂജയില്‍ നിന്നും വെള്ളം കുടിച്ച സതീഷിന് തളര്‍ച്ച തോന്നി. തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോള്‍ മരുന്നു കലര്‍ത്തുന്നതായി കണ്ടെത്തിയതായി ഡിവൈഎസ്പി പറഞ്ഞു. ആശയുടെ കൂട്ടുകാരി വഴി സതീഷ് നടത്തിയ അന്വേഷണത്തിലാണ് മരുന്നു കലര്‍ത്തി നല്‍കുന്ന വിവരം സ്ഥിരീകരിച്ചത്.
മാത്രമല്ല, ഭര്‍ത്താവിന് മരുന്ന് നല്‍കുന്നതിനെ കുറിച്ച് ആശ കൂട്ടുകാരിയോട് പറഞ്ഞിരുന്നു. മരുന്നിന്റെ പേരും ആശ കൂട്ടുകാരിക്ക് അയച്ചു കൊടുത്തു.
‘ഭര്‍ത്താവിന്റെ ഉപദ്രവം കുറയ്ക്കാനാണ് മരുന്ന് കൊടുക്കുന്നത്. ഇതു കൊടുത്താല്‍ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും, ഒരു ശല്യവുമില്ല’ എന്ന് കൂട്ടുകാരിയ്ക്ക് അയച്ച സംഭാഷണത്തിന്റെ വോയിസ് ക്ലിപും പോലീസിന് ലഭിച്ചു.
കൂട്ടുകാരി ഇക്കാര്യം സതീഷിനെ അറിയിച്ചതിനെ തുടര്‍ന്ന് മരുന്നുമായി സതീഷ് ഡോക്ടര്‍മാരെ കണ്ടു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ലാബില്‍ പരിശോധനയും നടത്തി. ദീര്‍ഘകാലം മരുന്നു കഴിച്ചാല്‍ മനോരോഗമോ മരണമോ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ സതീഷിനോട് പറഞ്ഞു. തുടര്‍ന്നാണു പരാതി നല്‍കിയത്.