ഗാന്ധിനഗർ: ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വാവാ സുരേഷിനെ നിരീക്ഷണമുറിയിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ട് എഴുന്നേറ്റിരുന്ന വാവ ആദ്യം ചോദിച്ചത് കട്ടൻചായ. ആർ.എം.ഒ. ഡോ. പി.ആർ.രഞ്ജിൻ മുറിയിലേക്ക് വന്നപ്പോഴായിരുന്നു ചായ ചോദിച്ചത്.
ഞരമ്പ് സംബന്ധമായ ചില പ്രശ്‌നങ്ങൾ ബാക്കിയാണ്. എന്നാലും, അല്പം ചായ നൽകാമെന്ന് ഡോക്ടർ സമ്മതം മൂളി. ചായ കുടിച്ച ശേഷം ഡോക്ടർമാർ നടന്നതെല്ലാം വിവരിച്ചതോടെ തൊഴുകൈയോടെ വാവ സുരേഷ് കേട്ടിരുന്നു. ‘എല്ലാവരോടും സ്‌നേഹം, നന്ദി’-പറഞ്ഞപ്പോൾ വാവയുടെ തൊണ്ടയിടറി. ‘അപകടസ്ഥലംമുതൽ കോട്ടയം മെഡിക്കൽ കോളേജുവരെ സഹായിച്ചവരെയും പ്രാർഥിച്ചവരെയും തന്റെ നന്ദി അറിയിക്കുന്നു’-സുരേഷ് പതിഞ്ഞസ്വരത്തിൽ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെ തനിയെ നടന്നു. വെള്ളിയാഴ്ച ആശുപത്രിയിലെത്തിയ മന്ത്രി വി.എൻ.വാസവൻ ഉദ്യോഗസ്ഥരുമായി വിവരങ്ങൾ ചർച്ചചെയ്തു. അണുബാധ ഒഴിവാക്കാനും കോവിഡ് ചട്ടം നിലനിൽക്കുന്നതിനാലും സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണമുറിയിലും തുടർന്ന് പേ വാർഡിലും വാവ സുരേഷിനെ കാണാൻ ആർക്കും അനുവാദം നൽകില്ല.