അമ്പലപ്പുഴ: മകന്റെ വിവാഹത്തലേന്ന് വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് സൗജന്യമായി വീടുവെയ്ക്കാൻ സ്ഥലം വിട്ടുകൊടുത്ത് ഓട്ടോ ഡ്രൈവർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ വൈ എം എ ഷുക്കൂർ ആണ് നിർധന കുടുംബത്തിന് താങ്ങായത്. 13 സെന്റിൽ നിന്നാണ് വീടുവെയ്ക്കാനൊരിടം നൽകിയത്.
ക്യാൻസർ ബാധിച്ച് വർഷങ്ങളോളം ചികിത്സ നടത്തി കിടപ്പാടം പോലും വിൽക്കേണ്ടിവന്ന ഒരു വൃദ്ധമാതാവിനും യുവതിയായ മകൾക്കുമാണ് ഷുക്കുർ സ്ഥലത്തിന്റെ രേഖകൾ കൈമാറിയത്. ഷുക്കുറിന്റെ മകൻ മുഹമ്മദ് ഷഫീഖിന്റെ വിവാഹത്തലേന്നാണ് സ്ഥലം നൽകാനൊരുങ്ങിയത്. സ്ത്രീധനം വാങ്ങാതെ ആർഭാടങ്ങൾ ഒഴിവാക്കി കമ്പിവളപ്പിലെ മസ്ജിദിലാണ് മിന്നുകെട്ട്. ചികിത്സക്കായി കിടപ്പാടം നഷ്ടപ്പെട്ട കുടുംബം ഒരു വർഷമായി ഷുക്കൂറിന്റെ അയൽവീട്ടിലാണ് താമസം. ഇവരുടെ ഒരു ബന്ധുവാണ് വാടക നൽകുന്നത്.
ഇവരുടെ മരുന്നും വീട്ടു ചെലവും ഷുക്കൂർ തന്നെയാണ് നടത്തിവരുന്നത്. വിവരമറിഞ്ഞെത്തുന്ന കാരുണ്യമതികളുടെ കൈത്താങ്ങും ലഭിക്കാറുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതും തിരിച്ച് കൊണ്ടുവരുന്നതും ഷുക്കൂറിന്റെ ഓട്ടോയിലാണ്. കൊവിഡ് മഹാമാരിയുടെ പിടിയിലായതോടെ ഓട്ടോറിക്ഷയുടെ വായ്പ തിരിച്ചടവ് മുടങ്ങി. കുടിശ്ശിക വരുത്തിയതോടെ വാഹനം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഈ കുടുംബം.
ഇതിനിടയിലാണ് സെന്റിന് രണ്ടര ലക്ഷം രൂപ വിലവരുന്ന സ്ഥലം ഷുക്കൂർ നൽകുന്നത്. മികച്ച മാതൃകയാണ് ഷുക്കൂർ. ഇവർക്കൊരു വീട് വെച്ച് നൽകുന്നതും പരിഗണനയിലുണ്ട്. മറ്റുള്ളവരുടെ സഹായത്താൽ അതും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കാക്കാഴം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി കൂടിയാണ് ഷുക്കുർ.
Discussion about this post