തിരുവനന്തപുരം: ഭര്‍ത്താവിനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. വിവാദങ്ങള്‍ക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭര്‍ത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ഭര്‍ത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭര്‍ത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. പത്ത് വര്‍ഷമായി വീട്ടിലിരുന്ന് തിന്നുക മാത്രമാണ് ജയശങ്കര്‍ ചെയ്തത്. ശിവശങ്കറിന്റെ ആത്മകഥ ‘അശ്വാത്ഥാമാവ് വെറുമൊരു ആന’ നാളെ പുറത്തിറങ്ങാനിരിക്കെയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്ന രംഗത്തെത്തിയിരിക്കുന്നത്. പുസ്തകം പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ പ്രതികരിക്കുമെന്നും സ്വപ്ന വ്യക്തമാക്കി.
എന്നെ ഈ നിലയിലേക്ക് തള്ളിവിട്ടത് ശിവശങ്കറാണെന്നും സ്വപ്ന പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ മാനിപുലേറ്റ് ചെയ്ത് നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്കുണ്ട്. ആരാണ് കുറ്റവാളിയെന്നും നിരപരാധിയെന്നും ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. എന്റെ കുടുംബത്തിന്റെ അത്താണിയായിരുന്നു ഞാന്‍. വേറെ എവിടെയെങ്കിലും പോകുന്നതിനെതിരായിരുന്നു ശിവശങ്കര്‍. അദ്ദേഹം എന്നോട് പറഞ്ഞത് യുഎഇയില്‍ സെറ്റിലാവാമെന്ന് പറഞ്ഞിരുന്നു. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കാന്‍ പറഞ്ഞത് അദ്ദേഹമാണ്. അത്തരത്തില്‍ ഭര്‍ത്താവ് പോലും ദ്രോഹിച്ചു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ജോലി വേണമെന്നത് നിര്‍ണായകമായിരുന്നു.
ഫോണ്‍ നല്കി ചതിച്ചെന്ന് ശിവശങ്കര്‍ എഴുതിയത് ശരിയായില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഒരു ഐ ഫോണ്‍ നല്കി ഉന്നതനായ ഒരാളെ ചതിക്കേണ്ട കാര്യം തനിക്കില്ല. ശിവശങ്കര്‍ തന്റെ ജീവിതത്തിലെ പ്രധാന വ്യക്തിയായിരുന്നു. എം. ശിവശങ്കറിന് ഒരുപാട് ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന. ഈ വിധം പുസ്തകമെഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ല.
‘ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ശിവശങ്കറെ വിളിച്ചെന്ന് സ്വപ്ന. ഇക്കാര്യം നോക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ അദ്ദേഹമാണ് സ്പേസ് പാര്‍ക്കിനെക്കുറിച്ച് അഭിപ്രായം പറയുന്നത്.
എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് പറയാനാകുമെന്നും സ്വപ്ന ചോദിക്കുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതില്‍ എനിക്ക് പങ്കില്ല. ഭര്‍ത്താവ് ജയശങ്കറാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തത്. എനിക്ക് പന്ത്രണ്ടാം ക്ലാസ് വരെയാണ് വിദ്യഭ്യാസ യോഗ്യത. എന്റെ കഴിവു കൊണ്ട് മാത്രമാണ് എനിക്ക് ജോലി ലഭിച്ചതെന്നും സ്വപ്ന പറഞ്ഞു.
താന്‍ ആത്മകഥ എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങള്‍ വെളിയില്‍വരുമെന്നും അവര്‍ പറഞ്ഞു. ഐടി വകുപ്പില്‍ സ്വപ്നക്ക് ജോലി വാങ്ങി നല്‍കിയത് താനല്ലെന്ന പുസ്തകത്തിലെ പരാമര്‍ശവും അവര്‍ തള്ളി. ഒരു ഫോണ്‍വിളി കൊണ്ടാണ് തന്റെ നിയമനം നടന്നത്. ഒരു അഭിമുഖം പോലും ഇല്ലായിരുന്നെന്നും സ്പ്ന പറയുന്നു.
Discussion about this post