കൊച്ചി: വിവാദമായ ഇ ബുൾ ജെറ്റ് കേസിൽ താൽക്കാലികമായി റദ്ദാക്കപ്പെട്ട രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കിൽ വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി. വാഹനം വിട്ടു കിട്ടുന്നതിനായി ഉടമ കിളിയന്തറ നെച്ചിയാട്ട് വീട്ടിൽ എബിൻ വർഗീസ് മോട്ടർ വാഹന വകുപ്പ് അധികൃതരെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
പഴയനിലയിലാക്കിയ വാഹനം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നീക്കം ചെയ്ത് തിരികെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കാനാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ഉടമയുടെ സ്വന്തം ചെലവിൽ അനധികൃത ഫിറ്റിംഗുകൾ നീക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇതോടൊപ്പം 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ട് സമർപ്പിക്കണം. വാഹനം ഈ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.
നിലവിൽ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലാണ് വാഹനം സൂക്ഷിച്ചിരുന്നത്. കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇ ബുൾജെറ്റ് സഹോദരൻമാരുടെ അഭിഭാഷകൻ വ്യക്തമാക്കി. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടർന്ന് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ വാൻ പിടിച്ചെടുത്തത്.
ഇ ബുൾജെറ്റ് വ്ലോഗർ സഹോദരൻമാർക്കും അവരുടെ നെപ്പോളിയൻ എന്ന കാരവനെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ സൂചന നൽകിയിരുന്നു. ശേഷമാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. ഒമ്പതോളം നിയമലംഘനങ്ങൾ കാരവനിൽ കണ്ടെത്തിയതായി മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകൾ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് വ്ലോഗർ സഹോദരൻമാർ നടത്തിയത്.
Discussion about this post