പിരിച്ചുവിട്ട പോലീസുകാരനെ സർവ്വീസിലേയ്ക്ക് തിരിച്ചെടുത്തു. മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാർഡ് കൈക്കലാക്കി പണം കവർന്ന കേസിൽ പിരിച്ചുവിട്ട ഉദ്യോഗസ്ഥനായ കടന്നപ്പള്ളി സ്വദേശി ഇ.എൻ. ശ്രീകാന്തിനെയാണ് സർവീസിലേയ്ക്ക് തിരിച്ചെടുത്തത്. പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി കണ്ണൂർ ഡിഐജി പുതിയ ഉത്തരവിറക്കി. ശ്രീകാന്തിന്റെ അപേക്ഷ പരിഗണിച്ച് രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ശ്രീകാന്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി ബോധ്യമാകുന്നുണ്ടെന്നും എന്നാൽ സേനയിൽ തുടരാൻ അവസരം നൽകാവുന്നതായി കാണുന്നുവെന്ന് ഉത്തരവിൽ പറയുന്നു. വരുംകാല വാർഷിക വേതത വർധനവ് മൂന്ന് വർഷത്തേക്ക് തടഞ്ഞുവെച്ചുകൊണ്ടാണ് സേവനത്തിലേക്ക് തിരച്ചെടുക്കുന്നത്. സേവനത്തിന് പുറത്തുനിന്ന് കാലയളവ് മെഡിക്കൽ രേഖ കൂടാതെയുള്ള ശമ്പളരഹിത അവധിയായി കണക്കാക്കുകയും ചെയ്യും.
തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഇ.എൻ ശ്രീകാന്ത് അര ലക്ഷത്തോളം രൂപ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് കൈക്കലാക്കിയിരുന്നു. ഗോകുൽ എന്നയാളെ നേരത്തെ എ.ടി.എം കാർഡ് മോഷ്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഗോകുലിന്റെ സഹോദരിയിൽനിന്ന് എടിഎം കാർഡിന്റെ പിൻ നമ്പർ വാങ്ങിയത്.
പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് ശ്രീകാന്തിന്റെ തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് ശ്രീകാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ച് കേസ് പിൻവലിച്ചിരുന്നു. അതേസമയം, ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിർത്തിവെച്ചിരുന്നില്ല. ഇതിനൊടുവിലാണ് ശ്രീകാന്തിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കിയത്.
Discussion about this post