എടത്വാ: സ്‌കൂട്ടര്‍ അപകടം പ്രിയമതമയെ കവര്‍ന്നെങ്കിലും അഞ്ച് പേരിലൂടെ അമ്പിളി ഇനിയും ജീവിയ്ക്കും. സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തലവടി പുതുപ്പറമ്പ് ശിവസദനത്തില്‍ ശിവപ്രസാദിന്റെ ഭാര്യ അമ്പിളി(43)യുടെ അവയവങ്ങളാണ് അഞ്ച് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ചിരിക്കുന്നത്.
മകള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി സൈന്‍ ബോര്‍ഡില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് അമ്പിളിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. പ്രിയതമയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചതോടെ ഭര്‍ത്താവ് ശിവപ്രസാദ് അവയവദാനത്തിന് സമ്മതം നല്‍കി. വിദേശത്തായിരുന്ന ശിവപ്രസാദ് നാട്ടിലെത്തി അമ്പിളിയ്ക്ക് അന്ത്യചുംബനം നല്‍കിയ ശേഷമാണ് അവയവദാനം ചെയ്യാന്‍ സമ്മതം നല്‍കിയത്.
കണ്ണുകള്‍, കരള്‍, ഹൃദയം, കിഡ്നി, പാന്‍ക്രിയാസ് എന്നീ അവയവങ്ങള്‍ അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികള്‍ക്ക് ദാനം ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അമ്പിളിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.
Read Also: ഇരുപത്തിരണ്ട് വര്‍ഷത്തെ ആത്മാര്‍ഥ സേവനം: തൊഴിലാളിയ്ക്ക് ബെന്‍സ് കാര്‍ സമ്മാനിച്ച് മൈജി എംഡി
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനയന്നാര്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. തലക്ക് പരിക്കേറ്റ അമ്പിളിയെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ലോക്ഡൗണ്‍ കാരണം വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് പനി ബാധിതനായ മകനെ തിരുവല്ല ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിക്കാണ് അപകടം നടന്നത്.
അമ്പിളിയുടെ മൃതദേഹം ഇന്നലെ 11.30ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംസ്‌കാര ചടങ്ങില്‍ നിരവധി നാട്ടുകാരും രാഷ്ട്രീയ-സാമുദായിക- സാംസ്‌കാരിക പ്രവര്‍ത്തകരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. എടത്വാ സിഐ അനന്ത ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സല്യൂട്ട് നല്‍കിയാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, ഗോപല്‍, രാഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ നേതൃത്വം നല്‍കി.