ചെന്നൈ: തമിഴ്‌നാട്ടിൽ സഹപാഠിയുടെ വീട്ടിലേക്ക് പോയ മലയാളി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. തിരുവനന്തപുരം വക്കം സ്വദേശിയായ ഷാഹിൻ ഷാ (20) യുടെ മരണത്തിലാണ് കോളേജ് അധികൃതരും സുഹൃത്തുക്കളും ദുരൂഹത ആരോപിക്കുന്നത്.
ചെന്നൈ ഗുരുനാനാക് കോളേജിലെ ഒന്നാം വർഷ ഡിഫൻസ് (നേവി) വിദ്യാർത്ഥി ഷാഹിൻ ഷായാണ് ജനുവരി രണ്ടിന് കടലിൽ കുളിക്കുന്നതിനിടെ മരിച്ചെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വക്കം പുത്തൻനട ക്ഷേത്രത്തിന് സമീപം കാളിക്കവിളാകത്ത് വീട്ടിൽ ജമാലുദ്ദീൻ – സബീന ദമ്പതികളുടെ മകനാണ് ഷാഹിൻ. അവധി ദിവസമായിരുന്നതിനാൽ സുഹൃത്തുക്കളോടൊപ്പം സഹപാഠിയുടെ വീട്ടിലേക്ക് പോകുന്ന വിവരം രാവിലെ ബന്ധുക്കളെ അറിയിച്ചിരുന്നു.
പിന്നീട് അന്നേദിവസം ഉച്ചയോടെ ഷാഹിൻ ഷാ മരണപ്പെട്ടെന്ന് വിവരം ലഭിച്ചു. വൈകിട്ട് മൂന്നു മണിയോടെയാണ് ആൻഡമാനിലുള്ള കുടുംബത്തിന് മരണവാർത്ത എത്തിയത്. എന്നാൽ, ഉച്ചയ്ക്ക് മരിച്ച ഷാഹിന്റെ നമ്പർ വൈകിട്ട് നാല് വരെയും ഓൺലൈനിൽ സജീവമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ ഷാഹിൻ ഷായുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി പരസ്പരവിരുദ്ധമാണെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
ഷാഹിൻ ഷായുടെ ദേഹത്തെ മുറിവുകളും ചതവുകളും ഫോട്ടോകളിൽ വ്യക്തമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പടെ വൈകിപ്പിക്കുന്നതായും കുടുംബം ആരോപിച്ചു. എം5 എന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
മരണം സംബന്ധിച്ച് ഷാഹിൻ ഷായുടെ ബന്ധുക്കൾ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അടുത്തദിവസം അത് തമിഴ്‌നാട് ഡിജിപിക്ക് കൈമാറിയതായി മറുപടിയും ലഭിച്ചു. മരണത്തിൽ കോളേജ് അധികൃതരുടെയും സുഹൃത്തുക്കളുടെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. ഷാഹിന്റെ സഹോദരി ഷാലിമ ആൻഡമാനിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.