കണ്ണൂര്‍: പലരുടെയും വിശ്വാസങ്ങള്‍ വ്യത്യസ്തമാണ്, അതുകൊണ്ട് തന്നെയാണ് മറ്റുള്ളവരുടെ ചില വിശ്വാസങ്ങള്‍ കേട്ടാല്‍ നമുക്ക് കൗതുകവും അമ്പരപ്പും ഉണ്ടാക്കുന്നത്.
അത്തരത്തിലുള്ള ഒരു വിശ്വാസമാണ് സോഷ്യല്‍ലോകത്ത് നിറയുന്നത്. ഉറുമ്പിനെ ആരാധിക്കുന്ന ക്ഷേത്രവും ഉറുമ്പച്ചന്‍ പ്രതിഷ്ഠയെയും കുറിച്ചാണ് കൗതുകം നിറയ്ക്കുന്ന വാര്‍ത്ത.
കണ്ണൂര്‍ തോട്ടട കിഴുന്നപ്പാറ നിവാസികള്‍ക്ക് ഉറുമ്പുകള്‍ ദൈവതുല്യമാണ്. ഉറുമ്പുകള്‍ക്ക് ദൈവിക പരിവേഷം നല്‍കി ആരാധിക്കുന്ന ക്ഷേത്രവുമുണ്ട് ഇവിടെ. ഉറുമ്പ് ശല്യം അസഹ്യമാകുമ്പോള്‍ കണ്ണൂരുകാര്‍ക്കുള്ള അഭയ കേന്ദ്രമാണ് ഉറുമ്പച്ചന്‍ കോട്ടം. കണ്ണൂരില്‍ തോട്ടട കിഴുന്നപ്പാറ റൂട്ടില്‍ കുറ്റിക്കകം പ്രദേശത്താണ് ഈ ഉറുമ്പച്ചന്‍ കോട്ടം നിലകൊള്ളുന്നത്. ക്ഷേത്രം ആയി നിലകൊള്ളുന്നുവെങ്കിലും സാധാരണഗതിയിലുള്ള ഒരു ക്ഷേത്രത്തിന്റെ ഘടനയൊന്നും ഇവിടെ കാണാന്‍ കഴിയില്ല. വൃത്താകൃതിയിലുള്ള ഒരു തറയിലാണ് പ്രതിഷ്ഠയുള്ളത്. 400 വര്‍ഷത്തിന്റെ ചരിത്രമാണ് ഉറുമ്പച്ചന്‍ ക്ഷേത്രത്തിന് പറയാനുള്ളത്.
സത്യത്തില്‍ ഉറുമ്പച്ചന്‍ ക്ഷേത്രത്തിന്റെ സ്ഥാനത്ത് ഒരു ഗണപതി ക്ഷേത്രമായിരുന്നു നിര്‍മ്മിക്കാനിരുന്നത്. അങ്ങനെ ഗണപതി ക്ഷേത്രം നിര്‍മ്മിക്കാന്‍ കുറ്റിയടിച്ചു. എന്നാല്‍ പിറ്റേ ദിവസം കുറ്റിയടിച്ചിരുന്ന സ്ഥാനത്ത് കണ്ടത് ഉറുമ്പിന്റെ കൂടായിരുന്നു. അടിച്ച് വച്ച കുറ്റിയാകട്ടെ കുറച്ചകലെ മാറി കിടക്കുന്നു. ഇതോടെ അവിടം ഉറുമ്പ് പൂജ നടത്താന്‍ തുടങ്ങിയെന്ന് പറയപ്പെടുന്നു. കുറ്റി കിടന്ന സ്ഥലത്ത് ഗണപതി ക്ഷേത്രവും നിര്‍മ്മിച്ചുവെന്നാണ് ഐതീഹ്യം. എന്തായാലും വീട്ടില്‍ ഉറുമ്പുകളുടെ ശല്യം കൊണ്ട് പൊരുതി മുട്ടിയവര്‍ ഉറുമ്പച്ചനെ വന്ന് കണ്ട് തൊഴുത് മടങ്ങുന്നു. മാത്രമല്ല, വിശ്വാസികള്‍ക്കായി ക്ഷേത്രത്തില്‍ പൂജയും വഴിപാടുകളും നടത്താറുണ്ട്.
തേങ്ങ ഉടച്ചു തേങ്ങാവെള്ളം സമര്‍പ്പിച്ചാല്‍ ഉറുമ്പച്ചന്‍ പ്രസാദിക്കുമെന്നും അതുവഴി ഉറുമ്പു ശല്യം ശമിക്കുമെന്നുമാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വേറിട്ട് പാതയോരത്ത് വൃത്താകൃതിയില്‍ തറയും ഒരു വിളക്കും മാത്രം. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഇവിടെ ഉറുമ്പച്ചന്റെ സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം. എല്ലാ ക്ഷേത്രങ്ങളെയും പോലെ ഉറുമ്പച്ചന്‍ കോട്ടത്തിനും പറയാനുണ്ട് ഐതീഹ്യങ്ങളുടെ കഥ.
ഉദയമംഗലം ക്ഷേത്രത്തിന്റെ ആരൂഢ സ്ഥാനമാണ് ഉറുമ്പച്ചന്‍ കോട്ടം. നാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഗണപതി ക്ഷേത്രം പണിയാന്‍ ഇവിടെ കുറ്റിയടിച്ചിരുന്നു.
ഉദയമംഗല ക്ഷേത്രത്തില്‍ പൂജ നടക്കുമ്പോള്‍ എല്ലാ മാസവും നിവേദ്യം ആദ്യം നല്‍കുന്നത് ഉറുമ്പുകള്‍ക്കാണ്. ഇവിടെ പൂജ ചെയ്ത ശേഷമാണ് ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നത്.
സുബ്രമണ്യന്റെ ചൈതന്യം ഇവിടെ ഉണ്ടെന്ന വിശ്വാസത്തില്‍ ദിവസവും വിളക്കും വയ്ക്കുന്നുണ്ട്. വിശ്വാസികള്‍ കൊണ്ടു വരുന്ന നാളികേരം ഉടച്ച് വെള്ളം തറയിലൊഴുക്കുന്നതാണ് വഴിപാട്. ഭക്തര്‍ സമര്‍പ്പിക്കുന്ന നാളികേരം പൂജാരിയാണ് ഉടയ്ക്കുക. നാളികേരത്തിനുള്ളിലെ വെള്ളം ക്ഷേത്രത്തിലെ തറയിലൊഴുക്കുകുകയും ചെയ്യും. ഉറുമ്പച്ചന്‍ കോട്ടത്തിലെ ഉറുമ്പു വിശേഷങ്ങള്‍ കേട്ടറിഞ്ഞ് ദിവസേന നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
Discussion about this post