കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും.
വാവ സുരേഷിന് സ്വന്തമായി ശ്വാസമെടുക്കുവാന്‍ കഴിയുന്നുണ്ട്. ഡോക്ടേഴ്സിനോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു. എന്നാല്‍, ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരാന്‍ സാധ്യത ഉള്ളതിനാല്‍ അദ്ദേഹത്തെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ നിരീക്ഷിക്കുവാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുകയാണ് എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അധികം വൈകാതെ തന്നെ വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഇന്നലെ വാവ സുരേഷിനെ സംബന്ധിച്ച നിര്‍ണായക ദിനമായിരുന്നു. ഒരു ഘട്ടത്തില്‍ ആരോഗ്യനില മെച്ചപ്പോള് മറ്റൊരു ഘട്ടത്തില്‍ അബോധാവസ്ഥയിലേക്ക് സുരേഷ് എത്തുനിലയുണ്ടായി. ഇന്നലെയുണ്ടായിരുന്ന ആശങ്കകള്‍ക്ക് അവസാനിപ്പിച്ച് ഇന്ന്
പുലര്‍ച്ചെയോടെ അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യനിലയിലേക്കെത്തുകയായിരുന്നു.
വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ട് 60 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. കണ്ണുതുറന്ന് സംസാരിച്ചു, ഹൃദയത്തിന്റെയും ആന്തരികാവയവങ്ങളുടെയുമെല്ലാം പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തി. വാവ സുരേഷിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് കൂടുതല്‍ പേര് ബന്ധപ്പെടുന്ന പശ്ചാത്തലത്തില്‍ രാവിലെ 10നും വൈകിട്ട് 7നും കോട്ടയം മെഡിക്കല്‍ കോളേജ് ബുള്ളറ്റിന് പുറത്തിറക്കുകയായിരുന്നു.
ഇന്നലെ വൈകീട്ടോടെ തന്നെ സുരേഷിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരേഷ് അബോധാവസ്ഥയില്‍ നിന്നു പതിയെ തിരിച്ചുകയറുകയാണ് എന്നാണ് ആശുപത്രി അധികൃതര്‍ നല്കിയ വിവരം. ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായത്. കണ്ണുകള്‍ പൂര്‍ണമായും തുറന്നു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോ എന്ന് അറിയാന്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ മാത്രമേ കഴിയൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
വെന്റിലേറ്ററില്‍ നിന്നു മാറ്റിയാലും ഒരാഴ്ചയെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിച്ചികിത്സ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം സാധാരണനിലയിലാണ്. രക്തസമ്മര്‍ദവും സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തിങ്കളാഴ്ചയാണ് സുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ ആരോഗ്യ നില മോശമാവുകയും ചെയ്തു. പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്കു പോവുന്ന നിലയും ഉണ്ടായി. തലച്ചോറിന്റെ പ്രവര്‍ത്തനവും കുറഞ്ഞതോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ബുധനാഴ്ച യോഗം ചേര്‍ന്ന് ചികിത്സാരീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നാലെ മരുന്നുകളുടെയും ആന്റി സ്നേക്ക് വെനത്തിന്റെയും അളവ് ഉയര്‍ത്തുകയായിരുന്നു. ഇതോടെയാണ് വീണ്ടും സുരേഷ് അര്‍ധബോധാവസ്ഥയിലേക്കു തിരിച്ചുവന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പിനെ രാവിലെ മുതല്‍ കണ്ടുവെങ്കിലും നാട്ടുകാര്‍ക്ക് പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്.
കാല് മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വാവ സുരേഷിനെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ ആന്റി വെനം നല്‍കിയിരുന്നു.
ഇത് ആദ്യമായല്ല പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 2013 ലും 2020 ലും സമാനമായ സാഹചര്യത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ വാവ സുരേഷിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Discussion about this post