13 വർഷത്തിലേറെ ഓമിച്ചു വളർത്തിയ നായ വിടപറഞ്ഞപ്പോൾ ആചാരപ്രകാരം യാത്രാമൊഴി നൽകി വീട്ടുകാർ. മരണാനന്തര ചടങ്ങായി നായയുടെ ചിതാഭസ്മം ആലുവ പുഴയിൽ നിമജ്ജനം ചെയ്യും. ഇതുകൂടാതെ നായക്കുട്ടി മരിച്ചതിന്റെ 13-ാം നാൾ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാനൊരുങ്ങുകയാണ് ചേർത്തല മാടയ്ക്കലെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന രമ പൈ. ഇവരുടെ വളർത്തുനായ ഡാനിയാണ് 29ന് രാത്രി മരിച്ചത്.
ചേർത്തല സ്വദേശിനിയായ രമ പൈ, ഭർത്താവ് വിനോദിനും മകൻ വരുണിനും ഒപ്പം പുണെയിലാണ് വർഷങ്ങളായി താമസിച്ചത്. ഇവിടെ വെച്ചാണ് ഇവർ ഡാനിയെ വാങ്ങിയത്. അന്ന് ഡാനിക്ക് ഒരു വയസായിരുന്നു പ്രായം. അവിടെ വീടിനുള്ളിൽ കുടുംബാംഗത്തെപ്പോലെയാണ് കഴിഞ്ഞത്. ഒരു വർഷം മുൻപ് ഡാനി രോഗബാധിതനായി കിടപ്പായി. 7 മാസം മുൻപ് കുടുംബം നാട്ടിലേക്കു പോരുമ്പോൾ ഡാനിയെയും കാറിൽ ഇവിടെ എത്തിച്ചു. ഇവിടെ എല്ലാ പരിചരണങ്ങളും രമ പൈ നൽകി. പിന്നാലെ ഡാനി മരണപ്പെടുകയായിരുന്നു.
കുടുംബം സ്വന്തമായി വാങ്ങിയ കടക്കരപ്പള്ളി ആലുങ്കലെ സ്ഥലത്ത് ആചാരപ്രകാരമാണ് സംസ്‌കാരം നടത്തിയത്. ചന്ദനം, കർപ്പൂരം, നെയ്യ്, രാമച്ചം, ചന്ദനത്തിരി, പൂമാല തുടങ്ങിയവയിട്ടാണ് ദഹിപ്പിച്ചത്. വരുൺ ആണ് ചിതയ്ക്ക് തീകൊളുത്തിയത്. നായയെ ദഹിപ്പിച്ച സ്ഥലത്ത് പൂന്തോട്ടവും സ്മാരകവും നിർമിക്കുമെന്ന് രമ പൈ പറഞ്ഞു.
Discussion about this post