കോഴിക്കോട്: അത്രമേല്‍ പ്രിയപ്പെട്ട ഫുട്‌ബോളിനായാണ് അപ്പു പുഴയിലേക്ക് ഇറങ്ങിയത്, എന്നാല്‍ അത് പ്രിയപ്പെട്ട കൂട്ടുകാരുടെ ജീവനെടുത്തതിന്റെ ഞെട്ടലിലാണ് അഭയ് കൃഷ്ണയും ശ്രീശാന്തും. കണ്‍മുന്നില്‍ അപ്പുവും കുട്ടനും ഒഴുക്കില്‍ നീങ്ങിപ്പോകുന്നതാണ് മിന്നിമായുന്നത്.
കഴിഞ്ഞ ദിവസമാണ് കനാലില്‍ ഒഴുക്കില്‍പ്പെട്ട് പൂവത്തുംകടവ് പച്ചാമ്പുള്ളി സുരേഷിന്റെ മകന്‍ സുജിത്ത് (അപ്പു- 13), പൂവത്തുംകടവില്‍ താമസിക്കുന്ന കാട്ടൂര്‍ പനവളപ്പില്‍ വേലായുധന്റെ മകന്‍ അതുല്‍കൃഷ്ണ (കുട്ടന്‍- 18) എന്നിവര്‍ മരിച്ചത്.
എല്ലാ ദിവസവും വൈകീട്ട് മൂന്നുമണിയോടെ ഫുട്‌ബോള്‍ കളിക്കുന്നതിനായി കൂട്ടുകാരെല്ലാവരും പൂവത്തുംകടവ് പാലത്തിന്റെ അടിയില്‍ ഒത്തുകൂടുക പതിവായിരുന്നു. കുറച്ചുപേര്‍ മൊബൈല്‍ ഫോണ്‍ നോക്കിയിരുന്നു. ആറുപേരാണ് ഫുട്‌ബോള്‍ കളിച്ചത്.
കളി തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം സുജിത്ത് അടിച്ച പന്ത് പാലത്തിന്റെ തൂണില്‍ തട്ടി പുഴയില്‍ വീഴുകയായിരുന്നു. സന്തത സഹചാരിയെപ്പോലെ കൊണ്ടുനടക്കുന്ന പന്തിന്റെ പിന്നാലെ സുജിത്ത് പുഴയിലേക്കിറങ്ങി. വെള്ളം കുറവുള്ള പുഴയില്‍ സുജിത്ത് നടന്നുനീങ്ങി. പൊടുന്നനെ ചെളിയിലേക്ക് താഴ്ന്നുപോകുകയായിരുന്നു. പിറകെ രക്ഷിക്കാന്‍ അതുലും ഇറങ്ങി. പിന്നാലെ അഭയ്കൃഷ്ണയും ശ്രീശാന്തും പുഴയിലേക്ക് ഇറങ്ങിയെങ്കിലും നീന്താനാവാതെ ഇവര്‍ തിരിച്ചുകയറി.
ഇതിനിടയില്‍ കൈകള്‍ ഉയര്‍ത്തി അതുല്‍ മുങ്ങിപ്പോകുന്നത് ഇവര്‍ കണ്ടു. ഇവരുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. മതിലകം പോലീസും കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ സുജിത്തിനെ കിട്ടി. പിറകെ 6.35ന് അതുലിനെയും മുങ്ങിയെടുത്തു. രണ്ട് പേരെയും കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Read Also:കുഞ്ഞുമായി ഭിക്ഷാടനം; യുവതി മാസം സമ്പാദിക്കുന്നത് നാല്‍പ്പതിനായിരം രൂപയോളം, ഞെട്ടലോടെ സൈബര്‍ലോകം
ഇലക്ട്രോണിക്സ് ഡിപ്ലോമ വിദ്യാര്‍ഥിയാണ് അതുല്‍ കൃഷ്ണ. സുജിത്ത് മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. നിശ്ചലരായി അതുലിനെയും സുജിത്തിനെയും ആംബുലന്‍സിലേക്ക് എടുത്തുകൊണ്ടുപോകുമ്പോള്‍ ഒരുനോക്കുകാണാന്‍പോലും അശക്തരായി കൂട്ടുകാര്‍ പുഴയിലേക്ക് കണ്ണുംനട്ടുനില്‍ക്കുകയായിരുന്നു.
Discussion about this post