കുഴൽമന്ദം: കോവിഡ് കാലത്ത് ഏറെ പ്രതിസന്ധിയിലാണ് ഹോട്ടൽ മേഖല. രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കഷ്ടപ്പെടുന്ന ഹോട്ടലുടമകളെ കബളിപ്പിക്കാനായി സംഘങ്ങൾ ഇറങ്ങിത്തിരിച്ചത് ഏറെ ദുഃഖകരവുമാണ്. പാലക്കാട് കുഴൽമന്ദം ചിതലി അഞ്ചുമുറിയിലെ ഹോട്ടലിന്റെ ഉടമയ്ക്കും ഇത്തരത്തിൽ പ്രതിസന്ധിക്കാലത്ത് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. ഫോണിലൂടെ വന്ന ഭക്ഷണ ഓർഡറാണ് ഈ വ്യക്തിക്ക് പതിനായിരങ്ങൾ നഷ്ടമാക്കിയത്.
കഴിഞ്ഞദിവസം സൈനിക ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ട് ഹോട്ടലുടമയ്ക്ക് ഒരു ഫോൺവിളി വന്നു. 20 പേർക്കുള്ള ഉത്തരേന്ത്യൻ ഭക്ഷണമാവശ്യപ്പെട്ട് ഹിന്ദിയിലായിരുന്നു സംസാരം. കോവിഡിന്റെ രഹസ്യ വിവരശേഖരണത്തിനായി വന്ന സൈനികസംഘത്തിന്റെ തലവനെന്നാണ് വിളിച്ചയാൾ സ്വയം വിശേഷിപ്പിച്ചത്. ഹോട്ടലുടമയെ വിശ്വസിപ്പിക്കാൻ സൈനികന്റേതെന്ന് തോന്നിപ്പിക്കുന്ന തിരിച്ചറിൽകാർഡ് വാട്സ്ആപ്പിൽ അയയ്ക്കുകയും ചെയ്തു.
എന്നാൽ, രാത്രിയായിട്ടും ഭക്ഷണം കഴിക്കാൻ ഇവർ എത്താതിരുന്നതോടെ ഹോട്ടലുടമ വിളിവന്ന നമ്പറിലേക്ക് തിരിച്ചുവിളിച്ചു. ജോലിത്തിരക്കിൽ പെട്ടുപോയെന്നും ഭക്ഷണത്തിന്റെ വില ഓൺലൈനിൽ അടയ്ക്കാമെന്നുമായിരുന്നു മറുപടി. ഇതിനായി എടിഎം കാർഡിന്റെ രണ്ടുവശത്തിന്റെയും ഫോട്ടോയെടുത്ത് അയച്ചുതരാനും പറഞ്ഞു. ഇതോടെ തട്ടിപ്പിനുള്ള നീക്കമാണെന്ന് ഹോട്ടലുടമയ്ക്കും തോന്നി.
തുടർന്ന് അദ്ദേഹം എടിഎം കാർഡിന്റെ ഫോട്ടോ അയയ്ക്കാൻ തയ്യാറായില്ല. വീണ്ടും ഫോണിൽ അവരെ വിളിച്ചെങ്കിലും കോൾ എടുത്തില്ല. പതിനായിരംരൂപ വില വരുന്ന ഭക്ഷണവിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ഈ ഭക്ഷണമത്രയും പാഴാവുകയും ചെയ്തു.
പിന്നീട്, തട്ടിപ്പിന് ശ്രമം നടന്നതായ വിവരം വ്യാപാരികളുടെ സമൂഹമാധ്യമ കൂട്ടായ്മയിൽ ഹോട്ടലുടമ പങ്കുവെച്ചു. ഇതുകണ്ട കുഴൽമന്ദം പ്രദേശത്തെ നാല് ഹോട്ടലുടമകൾ മുമ്പ് തങ്ങളെയും ഇങ്ങനെ കബളിപ്പിക്കാൻ ശ്രമം നടന്നിരുന്നെന്ന കാര്യം വെളിപ്പെടുത്തി. ഉണ്ടാക്കിവെച്ച ഭക്ഷണവും അതിന്റെ ചെലവും അധ്വാനവും നഷ്ടപ്പെട്ടെങ്കിലും പണം നഷ്ടപ്പെട്ടില്ലെന്ന ആശ്വാസത്തിലാണ് ഇവരെല്ലാം.
സംഭവത്തിൽ കുഴൽമന്ദം പോലീസിൽ പരാതിനൽകിയതായി ഹോട്ടലുടമ പറഞ്ഞു. അന്വേഷണത്തിൽ ഉത്തർപ്രദേശിലെ വിലാസത്തിലുള്ള ഫോൺ നമ്പറിൽ നിന്നാണ് വിളി വന്നതെന്ന് മനസ്സിലായി.
Discussion about this post