വടകര: ഹോളിവുഡ് ഇതിഹാസ താരം മോർഗൻ ഫ്രീമാന്റ ചിത്രം ചർമരോഗ പരസ്യത്തിന്റെ ബോർഡായി സ്ഥാപിച്ചതിനെ ചൊല്ലി സോഷ്യൽമീഡിയയിലടക്കം രോഷം. വടകര സഹകരണ ആശുപത്രിയുടെ ചർമ്മരോഗവിഭാഗത്തിന്റെ പരസ്യത്തിലാണ് മോർഗൻ ഫ്രീമാന്റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.
അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്‌ക്വിൻ ടാഗ് തുടങ്ങിയവക്കുള്ള ചികിത്സയുടെ പരസ്യത്തിനുള്ള ബോർഡിൽ അരിമ്പാറയുള്ള മുഖമുള്ള മോർഗൻ ഫ്രീമാന്റ ചിത്രം പ്രദർശിപ്പിച്ചത് ആരാധകരെ വിഷമിപ്പിച്ചിരുന്നു. പ്രശസ്ത നടനോടുള്ള അവഹേളനമാണിതെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു.
also read- വേറൊരു പൊടിയും വേണ്ട, ശബരി സാമ്പാർ-രസം കറിക്കൂട്ടുകൾ മാത്രം മതി വിഭവസമൃദ്ധമായ സദ്യ റെഡി!
ഇതോടെ ആശുപത്രി പരസ്യ ബോർഡ് മാറ്റി. പരസ്യം തയാറാക്കിയവരിൽ ഉണ്ടായ പാകപ്പിഴയാണ് പിശക് വരുത്താനിടയാക്കിയതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.
ആശുപത്രിയുടെ എഫ്ബി പേജിലും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നാല് ദിവസമാണ് ബോർഡ് ആശുപത്രി വരാന്തയിൽ ഉണ്ടായിരുന്നത്. മോർഗൻ ഫ്രീമാനെ തിരിച്ചറിഞ്ഞവർ പരസ്യത്തെ എതിർത്തതോടെ ആശുപത്രി ബോർഡ് നീക്കം ചെയ്യുകയായിരുന്നു.