നാലു പതിറ്റാണ്ട് മുമ്പത്തെ പ്രവാസകാലത്ത് ബാപ്പായ്ക്ക് മുന്നിൽ ദൈവദൂതനെപ്പോലെയെത്തിയ ലൂയിസിനെ കണ്ടെത്താൻ മകൻ നാസർ നൽകിയ പരസ്യമാണ് ഇന്ന് സോഷ്യൽമീഡിയയിൽ നിറയുന്നത്. വീട്ടാൻ കഴിയാത്ത കടമെന്ന നീറ്റലോടെ പിതാവ് അബ്ദുല്ല വിടപറഞ്ഞതോടെയാണ് ബാപ്പയുടെ അടുത്ത സുഹൃത്തിനെ കണ്ടെത്താൻ നാസർ പത്രപരസ്യം നൽകിയത്.
പെരുമാതുറ മാടൻവിള സ്വദേശിയായിരുന്നു അബ്ദുല്ല. ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ 1980 കളിൽ ഗൾഫിലെത്തി. ഏറെ അലഞ്ഞിട്ടും ജോലി ലഭിക്കാതെ പ്രതിസന്ധിയിലായിരുന്നപ്പോഴാണ് കൊല്ലം സ്വദേശിയായ ലൂയിസ് സാമ്പത്തിക സഹായവുമായി ദൈവദൂതനെ പോലെ അബ്ദുല്ലയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടത്. ഈ പണം ഉപയോഗിച്ച് ജോലി അന്വേഷിച്ചിറങ്ങിയ അബ്ദുല്ലയ്ക്ക് ഒരു ക്വാറിയിൽ ജോലി ലഭിച്ചു. എന്നാൽ, ജോലിക്കായി മാറിത്താമസിച്ചതോടെ ലൂയിസുമായുള്ള ബന്ധം മുറിഞ്ഞു.
നാട്ടിലെത്തി വിശ്രമ ജീവിതം നയിക്കുന്നതിനിടെ പഴയ കടത്തെക്കുറിച്ച് അബ്ദുല്ല മക്കളോടു പറഞ്ഞു. എവിടെയാണെങ്കിലും ലൂയിസിനെ നേരിട്ടു കണ്ടു കടം വീട്ടണമെന്ന ആഗ്രഹവും അറിയിച്ചിരുന്നു. ആ ആഗ്രഹം നടക്കാതെയായിരുന്നു അബ്ദുല്ലയുടെ വിയോഗം. ശേഷം, പരിചയക്കാർ പലരോടും തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് പത്രത്തിൽ പരസ്യം നൽകിയത്. എന്നാൽ ഇപ്പോഴും ലൂയിസ് കാണാമറയത്താണ്.
കഴിഞ്ഞ 23 നാണ് അബ്ദുല്ല ലോകത്തു നിന്നു വിടവാങ്ങിയത്. എങ്ങനെയും ആ കടം വീട്ടണമെന്ന് അന്ത്യാഭിലാഷമായി പിതാവ് അറിയിച്ചെന്നും നാസർ പറഞ്ഞു. ഇപ്പോഴത്തെ മൂല്യമനുസരിച്ച് 22,000 രൂപയേ നൽകാനുള്ളൂ. എന്നാൽ ആ തുക കോടികളേക്കാൾ മൂല്യമേറിയതാണെന്ന് കുടുംബം പറയുന്നു. ലൂയിസിനെയോ സഹോദരൻ ബേബിയെയോ കണ്ടെത്താനായി വീണ്ടും പത്രത്തിൽ പരസ്യം നൽകിയിരിക്കുകയാണ് നാസർ. ഫോൺ 7736662120.